ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്സി. സ്വന്തം തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദ് വിജയിച്ചത്. മലയാളി താരങ്ങളുടെ മികവിലാണ് ഹൈദരാബാദിന്റെ തകര്‍പ്പന്‍ വിജയം.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദാണ് ആദ്യം ലീഡെടുത്തത്. 12-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫി ഹൈദരാബാദിന്റെ ആദ്യ ഗോള്‍ നേടി. എന്നാല്‍ 24, 27 മിനിറ്റുകളില്‍ ലഭിച്ച രണ്ട് പെനാല്‍റ്റികള്‍ ഗോളാക്കി മാറ്റി ഹാവി ഹെര്‍ണാണ്ടസ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ഹൈദരാബാദ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 69-ാം മിനിറ്റില്‍ മലയാളി താരം ജോസഫ് സണ്ണി ഹൈദരാബാദിന്റെ സമനില ഗോള്‍ നേടി. അഞ്ച് മിനിറ്റിന് ശേഷം ആന്ദ്രേ ആല്‍ബയുടെ തകര്‍പ്പന്‍ ഗോള്‍ ഹൈദരാബാദിന് വിജയം സമ്മാനിച്ചു.
അവസാന ഒന്‍പത് മത്സരങ്ങളില്‍ ഹൈദരാബാദ് സ്വന്തമാക്കുന്ന ആദ്യവിജയമാണിത്. 17 മത്സരങ്ങളില്‍ മൂന്ന് വിജയവും 13 പോയിന്റുകളുമായി 12-ാം സ്ഥാനത്താണ് ഹൈദരാബാദ്. 16 മത്സരങ്ങളില്‍ ഒന്‍പത് വിജയവും 28 പോയിന്റുകളുമായി നാലാമതാണ് ജംഷഡ്പൂര്‍.
Content Highlights: ISL 2024-25: Hyderabad FC secures comeback win over Jamshedpur FC at home