'എല്ലാം ഫാന്‍സിന്‍റെ തള്ള്?' തിയാഗോ മെസ്സി 11 ഗോളുകളടിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് റിപ്പോർട്ട്

ഇന്റര്‍ മയാമിക്ക് വേണ്ടി അറ്റ്ലാൻഡ യുണൈറ്റഡിനെതിരെയാണ് 12 വയസ്സുകാരൻ തിയാഗോ 11 ​ഗോളുകൾ നേടിയതെന്നായിരുന്നു റിപ്പോർട്ട്

dot image

ഇതിഹാസതാരം ലയണൽ മെസ്സിയുടെ മൂത്ത മകൻ തിയാഗോ മെസ്സി ഒറ്റ മത്സരത്തില്‍ 11 ഗോളുകള്‍ അടിച്ചുകൂട്ടിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ‌ പ്രചരിച്ചത്. ഇന്റര്‍ മയാമിക്ക് വേണ്ടി അറ്റ്ലാൻഡ യുണൈറ്റഡിനെതിരെയാണ് 12 വയസ്സുകാരൻ തിയാഗോ 11 ​ഗോളുകൾ നേടിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്തകളെല്ലാം കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മേജര്‍ സോക്കര്‍ ലീഗ് അണ്ടര്‍ 13 ലീഗിലായിരുന്നു ഇന്റർ മയാമിയുടെ പത്താം നമ്പർ ജഴ്‌സിക്കാരനായ തിയാ​ഗോ ഗോൾ വേട്ട നടത്തിയതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അറ്റ്ലാൻഡയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത 12 ഗോളുകള്‍ക്ക് ഇന്റര്‍ മയാമി ജൂനിയര്‍ ടീം വിജയിക്കുകയും ചെയ്തു. 27, 30, 35, 44, 51, 57, 67, 76, 87, 89 മിനിറ്റുകളിലാണ് കൊച്ചുമെസ്സി ഗോളുകൾ നേടിയത് എന്ന തരത്തിലായിരുന്നു വാർത്തകൾ.

എന്നാൽ മിയാമി ഹെറാൾഡിനായി റിപ്പോർട്ട് ചെയ്തിരുന്ന പ്രശസ്ത മാധ്യമപ്രവർത്തക മിഷേൽ കോഫ്മാൻ ഈ അവകാശവാദങ്ങൾ വ്യാജ വാർത്തയാണെന്ന് നിഷേധിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. "ട്രൂത്ത് അലേർട്ട്: സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതുപോലെ മെസ്സിയുടെ മകൻ തിയാഗോ ഈ ആഴ്ച ഇന്റർ മിയാമി അക്കാദമി മത്സരത്തിൽ 11 ഗോളുകൾ നേടിയിട്ടില്ല. ആ മത്സരം ഒരിക്കലും നടന്നിരുന്നില്ല. വൈറലായ ആ വാർ‌ത്ത ഏതോ ഒരു ഫാൻ സൈറ്റ് പൂർ‌ണമായും കെട്ടിച്ചമച്ചതാണ്", കോഫ്മാൻ എക്സിൽ‌ കുറിച്ചത് ഇങ്ങനെ.

പിതാവ് മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റർ മയാമിയുടെ അണ്ടർ‌ 13 ടീമിലെ പ്രധാന താരമാണ് തിയാ​ഗോ. ബാഴ്‌സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്ന ലൂയിസ് സുവാരസിന്റെ മകൻ ബെഞ്ചമിൻ സുവാരസിനൊപ്പമാണ് തിയാ​ഗോ കളിക്കുന്നത്. ലയണല്‍ മെസ്സി തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച റൊസാരിയോയിൽ തിയാഗോ ഫുട്ബോൾ അരങ്ങേറ്റം കുറിച്ചത് നേരത്തെ വാർത്തയായിരുന്നു.

Content Highlights: Thiago Messi Scores 11 Goals vs Atlanta United? The Truth Behind the Viral Rumor!

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us