![search icon](https://www.reporterlive.com/assets/images/icons/search.png)
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫുട്ബോൾ ക്ലബ് അൽ നസറിൽ തുടർന്നേക്കും. ഒരുവര്‍ഷത്തേക്ക് കൂടി അൽ നസറുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസറിലേക്കെത്തിയത്. 1749 കോടി രൂപയാണ് സൂപ്പർ താരത്തിന്റെ വാര്‍ഷിക പ്രതിഫലം. ജൂണില്‍ റൊണാള്‍ഡോയുടെ കരാര്‍ പൂര്‍ത്തിയാകും. ഇതോടെയാണ് ഒരുവർഷത്തേയ്ക്ക് കൂടി താരത്തിന്റെ കരാർ പുതുക്കാൻ അൽ നസർ മാനേജ്മെന്റ് ആഗ്രഹിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 വയസ് പൂർത്തിയായിരുന്നു. എങ്കിലും യുവതാരങ്ങളെ വെല്ലുന്ന മികവോടെയാണ് താരം ഇപ്പോഴും കളിക്കളത്തിൽ തുടരുന്നത്. സൗദി പ്രോ ലീഗ് സീസണില്‍ 26 മത്സരങ്ങളില്‍ 24 ഗോള്‍ സ്വന്തമാക്കി. നാല് അസിസ്റ്റും പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പേരിനൊപ്പമുണ്ട്.
അല്‍ നസറിനായി ആകെ 90 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ റൊണാൾഡോ ഇതുവരെ 82 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഫുട്ബോൾ കരിയറിൽ 923 മത്സരങ്ങളില്‍ നിന്നായി 924 ഗോളുകളാണ് റൊണാൾഡോയുടെ നേട്ടം. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനുമാണ് റൊണാള്‍ഡോ. രാജ്യാന്തര ഫുട്‌ബോളിലും ടോപ് സ്‌കോറായ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി 135 ഗോള്‍ നേടിയിട്ടുണ്ട്.
Content Highlights: Cristiano Ronaldo Agrees Deal To Sign Contract Extension With Saudi Pro League Club Al Nassr