
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാരുടെ പരാജയം. മോഹൻ ബഗാനായി ജാമി മക്ലാരൻ ഇരട്ട ഗോളുകൾ നേടി. ആൽബർട്ടോ റോഡ്രിഗ്സ് ആണ് മറ്റൊരു ഗോൾ വലയിലെത്തിച്ചത്.
മത്സരത്തിൽ കളം നിറഞ്ഞ് കളിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. 67 ശതമാനം സമയത്തും ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്ത് തട്ടി. പാസ് കൃത്യതയിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. എന്നാൽ ലഭിച്ച അവസരങ്ങൾ കൃത്യമായി വലയിലെത്തിച്ച് മോഹൻ ബഗാൻ കളി പിടിച്ചു. 28-ാം മിനിറ്റിൽ മോഹൻ ബഗാൻ ആദ്യ ഗോൾ നേടി. ലിസ്റ്റൺ കൊളാസോയുടെ പാസ് ജാമി മക്ലാരൻ വലയിലാക്കി. പിന്നാലെ 40-ാം മിനിറ്റിൽ ഡിബോക്സിന് പുറത്ത് നിന്ന് തകർപ്പനൊരു ഷോട്ടിലൂടെ മക്ലാരൻ വീണ്ടും വലചലിപ്പിച്ചു. തൊട്ടുപിന്നാലെ വീണ്ടും മക്ലാരൻ ഗോളടിച്ചെങ്കിലും ഓഫ്സൈഡായിരുന്നു.
രണ്ടാം പകുതിയിലും പന്തിലെ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് കാത്തുസൂക്ഷിച്ചു. എങ്കിലും വലചലിപ്പിക്കാനായില്ല. 66-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗ്സിലൂടെ മോഹൻ ബഗാൻ വീണ്ടും മുന്നിലെത്തി. അവശേഷിച്ച സമയത്ത് ആശ്വാസ ഗോൾ കണ്ടെത്താൻ പോലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാൻ മോഹൻ ബഗാന് കഴിഞ്ഞു. 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 20 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
Content Highlights: Mohun Bagan defeated Kerala Blasters by three goals