
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചരിത്രത്തിലെ മികച്ച താരമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് മുന്‍ ബ്രസീല്‍ ഇതിഹാസ താരം കഫു. ലോകത്തിലെ നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും മികച്ചവന്‍ താന്‍ തന്നെയാണെന്നും ചരിത്രത്തിലും തന്നേക്കാള്‍ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും റൊണാള്‍ഡോ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കഫു എത്തിയത്.
'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രതിഭാസമാണ്. പക്ഷേ എക്കാലത്തെയും മികച്ച താരമൊന്നും അല്ല. എക്കാലത്തെയും മികച്ച കളിക്കാരെ കുറിച്ച് പറയുകയാണെങ്കില്‍ മറഡോണ, പെലെ, പ്ലാറ്റിനി, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഗാരിഞ്ച എന്നിവരെ പരാമര്‍ശിക്കേണ്ടതുണ്ട്. ആറോ ഏഴോ വര്‍ഷത്തെ കാര്യം പറഞ്ഞാല്‍ ഒരുപക്ഷേ റൊണാള്‍ഡോ മികച്ച കളിക്കാരനായിരിക്കാം. പക്ഷേ ചരിത്രത്തിലെ മികച്ച താരങ്ങളില്‍ റൊണാള്‍ഡോയേക്കാള്‍ മികച്ച പ്രതിഭകള്‍ ഉണ്ട്', കഫു മാധ്യമങ്ങളോട് പറഞ്ഞു.
Brazil legend Cafu makes feelings clear about Cristiano Ronaldo calling himself 'most complete' player of all timehttps://t.co/ZidqldoADY
— Football GOATS (@FutbalUpdate) February 17, 2025
അടുത്തിടെ താനാണ് ചരിത്രത്തിലെ മികച്ച താരമെന്ന റൊണാള്‍ഡോയുടെ വാക്കുകള്‍ വൈറലായിരുന്നു. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. 'ആളുകള്‍ക്ക് മെസ്സി, മറഡോണ, പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാന്‍ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂര്‍ണ്ണനായ കളിക്കാരന്‍ ഞാനാണ്. ഫുട്ബോള്‍ ചരിത്രത്തില്‍ എന്നേക്കാള്‍ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തില്‍ തൊട്ടാണ് ഇക്കാര്യം പറയുന്നത്', റോണോ പറഞ്ഞു.
അഭിമുഖത്തില്‍ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര പതിറ്റാണ്ടോളം എതിരാളിയായി കളിച്ചിട്ടും മോശമായി ഞങ്ങള്‍ക്കിടയില്‍ ഒന്നുമുണ്ടായില്ലെന്നും പോര്‍ച്ചുഗീസ് താരം പറഞ്ഞു. ബാഴ്സലോണയില്‍ കളിക്കാന്‍ ഇഷ്ടമായിരുന്നുവെന്നും അഭിമുഖത്തില്‍ റൊണാള്‍ഡോ വ്യക്തമാക്കി. റയലിനായി കളിച്ചപ്പോള്‍ അവര്‍ എനിക്കെതിരെ ചീത്തവിളിക്കുകയൂം അപമാനിക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂവെന്നും പരിഭവമില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
Content Highlights: Brazil legend Cafu hits back at Cristiano Ronaldo's 'best player in football history' comment