
ഫിഫ 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അര്‍ജന്റീന. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്ത നിലവിലെ ചാമ്പ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ ആയിരുന്നു അർജന്റീന ബ്രസീലിനെതിരെ കളത്തിൽ ഇറങ്ങിയിരുന്നത്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലും ബ്രസീലിനെതിരെ ആധികാരികമായ പ്രകടനം പുറത്തെടുത്താണ് അർജന്റീന വിജയം സ്വന്തമാക്കിയത്. മെസ്സി ഈ മത്സരത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ബ്രസീലിനെതിരെ ഇനിയും ഒരുപാട് ഗോളുകൾ അർജന്റീന നേടുമായിരുന്നുവെന്ന് പറയുകയാണ് അർജന്റൈൻ താരം ജൂലിയൻ അൽവാരസ്. മത്സരശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
Julián Álvarez: "With Messi we might have scored 2 or 3 more goals..."
— MoneskiDC (@Moneski_DC_) March 26, 2025
pic.twitter.com/TxEXnqXUoc
'ലയണൽ മെസ്സി ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് രണ്ടോ മൂന്നോ ഗോളുകൾ കൂടി നേടാൻ സാധിക്കുമായിരുന്നു', ജൂലിയൻ അൽവാരസ് പറഞ്ഞു. ബ്രസീലിനെതിരായ പോരാട്ടത്തില്‍ അർജന്‍റീനയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത് അല്‍വാരസ് ആയിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റിലായിരുന്നു അല്‍വാരസിന്‍റെ ഗോള്‍ പിറന്നത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ച അർജന്റീന ടീമിൽ മെസ്സി ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ താരം പരിക്കിന് പിന്നാലെ പുറത്താവുകയായിരുന്നു. മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിലായിരുന്നു മെസ്സിക്ക് പരുക്ക് പറ്റിയിരുന്നത്.
Content Highlights: Julian Alvarez makes bold claim as Argentina thrash Brazil without Lionel Messi