
സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ രണ്ടാം പാദത്തിലും ആഴ്സണലിനോട് പരാജയപ്പെട്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്. ആവേശം നിറഞ്ഞ മത്സരത്തിൽ 2-1ന് ആയിരുന്നു റയലിന്റെ തോൽവി. ഇതോടെ, അഗ്രിഗേറ്റ് സ്‌കോര്‍ 5-1ന് ആഴ്സണൽ സെമിയിലേക്ക് എത്തി.
റയൽ പതിവു ഫോമിന്റെ ഏഴയലത്ത് പോലും എത്താതിരുന്ന മത്സരമായിരുന്നു ഇത്. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ ആയിരുന്നു. എന്നാൽ രണ്ടാം പകുതിയില്‍ 65ാം മിനുറ്റില്‍ സാക ആഴ്സണലിന് ലീഡ് നേടിക്കൊടുത്തു. അതോടെ ഉണർന്നു കളിച്ച റയൽ രണ്ട് മിനുറ്റിനകം സമനില ഗോൾ നേടുന്നു.
ആഴ്‌സണല്‍ ഡിഫന്‍സിലെ പിഴവ് മുതലെടുത്ത് റയലിന്റെ വിനീഷ്യസ് ജൂനിയർ ആണ് സമനില ഗോൾ നേടുന്നത്. എന്നാൽ പിന്നീട് ഇഞ്ച്വറി ടൈമില്‍ മാര്‍ട്ടിനെല്ലി ആഴ്സണലിനായി ഗോൾ നേടിയതോടെ ചിത്രം പൂർത്തിയാവുകയായിരുന്നു. ആദ്യപാദത്തിൽ 3-0 നായിരുന്നു ഗണ്ണേഴ്‌സ് ജയിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 5-1 ന്റെ ലീഡോടെയാണ് ആഴ്സണൽ സെമിയിലേക്ക് മുന്നേറിയത്.
മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും സെമിയിലെത്തി.
Content highlights: Arsenal beat real madrid in champions league