
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ വീഴ്ത്തി ചെൽസി. എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസിയുടെ വിജയം. നിക്കോളാസ് ജാക്സൺ ആണ് ചെൽസിയ്ക്കായി വലകുലുക്കിയത്. വിജയത്തോട് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ തിരിച്ചെത്താനും ചെൽസിക്ക് സാധിച്ചു.
27-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. എൻസോ ഫെർണാണ്ടസ് നൽകിയ ഒരു പാസ് എവർട്ടൻ ബോക്സിന് പുറത്തുവെച്ച് നിക്കോളാസ് സ്വീകരിച്ചു. പിന്നാലെ തകർപ്പൻ ഒരു ഫിനിഷിലൂടെ താരം പന്ത് വലയിലാക്കി. ആദ്യ പകുതി ആവേശകരമായിരുന്നില്ലെങ്കിലും നിക്കോളാസ് ജാക്സന്റെ മികവ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയിൽ എവർട്ടന് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല. നിർണായക വിജയത്തോടെ മൂന്ന് പോയിന്റ് നേടിയ ചെൽസി ചാംപ്യൻസ് ലീഗ് പ്രതീക്ഷകളും സജീവമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവരാണ് ചാംപ്യൻസ് ലീഗിന് യോഗ്യത നേടുക.
Content Highlights: Chelsea beat Everton 1-0 in Premier League clash