ലണ്ടൻ: ബോക്സിങ്ങ് താരവും ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവുമായ മേരി കോമിന് ഗ്ലോബൽ ഇന്ത്യൻ ഐക്കൺ പുരസ്കാരം. ഈ വർഷത്തെ യുകെ ഇന്ത്യ അവാർഡ്സിലാണ് മേരി കോമിന് ഗ്ലോബൽ ഇന്ത്യൻ ഐക്കൺ പുരസ്കാരം ലഭിച്ചത്. അംഗീകാരത്തിന് ഹൃദയംകൊണ്ട് നന്ദി പറയുന്നതായി മേരി കോം പറഞ്ഞു. 20 വർഷമായി താൻ പോരാടുകയാണ്. ബോക്സിങ്ങ് ജീവിതത്തിൽ പരിശ്രമം, കഠിനാധ്വാനം വളരെയധികം ഉണ്ടായിട്ടുണ്ട്. രാജ്യത്തിനും കുടുംബത്തിനും വലിയ ത്യാഗമാണ് ചെയ്തിട്ടുള്ളതെന്നും മേരി കോം വ്യക്തമാക്കി.
40 കാരിയായ മേരി കോം മുൻ രാജ്യസഭാ അംഗമാണ്. സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ശേഷം വിരമിക്കുമെന്ന് മേരി കോം സൂചന നൽകിയിരുന്നു. ഏഷ്യൻ ഗെയിംസ് തൻ്റെ അവസാന പ്രധാന ചാമ്പ്യൻഷിപ്പ് ആയിരിക്കും എന്നായിരുന്നു മേരി കോമിന്റെ പ്രസ്താവന. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസിന് മുമ്പായി പരിക്കേറ്റ മേരി കോം കുറെക്കാലമായി മത്സരരംഗത്തില്ല.
അന്താരാഷ്ട്ര തലത്തിൽ 40 വയസ് വരെ മാത്രമാണ് ബോക്സിങ്ങിൽ മത്സരിക്കാൻ കഴിയുക. നവംബറിൽ മേരി കോമിന് 41 വയസാകും. മണിപ്പൂർ സ്വദേശിനിയായ മേരി കോമിൻ്റെ ബോക്സിങ്ങ് റിങ്ങിലെ പോരാട്ടം അവസാന ഘട്ടത്തിലാണ്.