ബംഗളൂരു: ഇൻ്റർകോണ്ടിനൽ കിരീടത്തിന് ശേഷം സാഫ് കപ്പും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികൾ. കലാശപ്പോരിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം ഒൻപതാം കിരീടം. കുവൈറ്റ് ഇതാദ്യമായാണ് സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. മുമ്പ് നേർക്കുനേർ പോരാട്ടങ്ങൾ ഉണ്ടായത് മൂന്ന് തവണ. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം കുവൈറ്റ് ഒന്നിനെതിരെ ഒൻപത് ഗോളിന് വിജയിച്ചു. സാഫ് കപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇരുടീമുകളുടെയും മൂന്നാമത്തെ മത്സരം. ആ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
സെമിയിൽ ലെബനനോട് ഇന്ത്യ നേരിട്ടത് കടുത്ത പോരാട്ടമായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സത്തിനൊടുവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് കുവൈറ്റ് ഫൈനലിൽ പ്രവേശിച്ചു. സ്വന്തം സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നു. മുഖ്യ പരിശീലകൻ ഇഗോർ സ്റ്റീമാക് ഇന്നത്തെ മത്സരത്തിനും ഉണ്ടാകില്ല. മഹേഷ് ഗാവ്ലിയ്ക്കാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലന ചുമതല.
ഇന്ത്യൻ പ്രതിരോധം ശക്തിപ്പെടുത്താൻ സന്ദേശ് ജിങ്കാൻ മടങ്ങിയെത്തും. എന്നാൽ ജിങ്കാന് പകരം കളിച്ച അൻവർ അലിയെ ഒഴിവാക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഛേത്രി നയിക്കുന്ന മുൻനിരയും മധ്യനിരയിൽ സഹൽ അബ്ദുൾ സമദും ഇന്ത്യയ്ക്ക് കരുത്താണ്. മികച്ച ഫോമിലുള്ള ഉദാന്ത സിങ്ങും മഹേഷ് സിങ്ങ് എന്നിവർ ഒരിക്കൽകൂടി തിളങ്ങിയാൽ സാഫ് കപ്പ് ഇന്ത്യയ്ക്ക് സ്വന്തമാകും.