ഒട്ടാവ: കനേഡിയൻ ഓപ്പൺ ബാഡ്മിൻ്റണിൽ ഒരേ ദിനം ഇന്ത്യയ്ക്ക് ജയവും തിരിച്ചടിയും. പുരുഷ വിഭാഗം സെമിയിൽ ഇന്ത്യയുടെ ലക്ഷ്യാ സെൻ ഫൈനലിൽ കടന്നു. സെമിയിൽ ജപ്പാൻ്റെ കെൻ്റ നിഷിമോട്ടോയെ തോൽപ്പിച്ചാണ് ലക്ഷ്യാ സെൻ ഫൈനൽ ഉറപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യാ സെന്നിൻ്റെ വിജയം. സ്കോർ 21-17, 21-14.
ആദ്യ ഗെയിമിൻ്റെ തുടക്കം നിഷിമോട്ടോ വ്യക്തമായ മുന്നേറ്റം നടത്തി. നിഷിമോട്ടോ അഞ്ച് പോയിന്റുകൾ നേടിയപ്പോൾ ലക്ഷ്യാ സെനിന്ന് നേടാനായത് ഒറ്റ പോയിന്റ് മാത്രം. പിന്നീട് മത്സരം ഇഞ്ചോടിഞ്ച് മുന്നേറി. എന്നാൽ അന്തിമ ജയം ഇന്ത്യൻ താരത്തിനൊപ്പം ആയിരുന്നു. രണ്ടാം ഗെയിമിൽ ഇന്ത്യൻ താരത്തിനായിരുന്നു മുന്നേറ്റം. അനായാസം ജപ്പാൻ താരത്തെ മറികടന്ന് ലക്ഷ്യാ സെൻ ഫൈനൽ ബർത്ത് ഉറപ്പിച്ചു.
വനിതാ വിഭാഗം സെമിയിൽ ഇന്ത്യയുടെ പിവി സിന്ധു തോൽവി നേരിട്ടു. ജപ്പാൻ്റെ ലോക ഒന്നാം നമ്പർ താരം അകാനെ യമഗുച്ചിയോടാണ് സിന്ധു കീഴടങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിൻ്റെ തോൽവി. സ്കോർ 21-14, 21-15. ആദ്യ ഗെയിമിൽ യമഗുച്ചിക്ക് കാര്യമായ വെല്ലുവിളി ഉയർത്താതെയാണ് സിന്ധു കീഴടങ്ങിയത്. എന്നാൽ രണ്ടാം ഗെയിമിൽ സിന്ധു ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചു. ആദ്യം വ്യക്തമായ മുന്നേറ്റം നടത്തിയ സിന്ധു പിന്നീട് തോൽവി വഴങ്ങുകയായിരുന്നു.