കാൽഗറിയ: കനേഡിയൻ ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ ലക്ഷ്യാ സെന്നിന് കിരീടം. നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യാ സെന്നിൻ്റെ വിജയം. ഫൈനലിൽ ചൈനയുടെ ലി ഫെങ്ങിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം കനേഡിയൻ ഓപ്പൺ സ്വന്തമാക്കിയത്. സ്കോർ 21-18, 22-20.
മത്സരത്തിൻ്റെ തുടക്കം ലക്ഷ്യാ സെന്നിന് അനുകൂലമായിരുന്നു. 21-18 എന്ന സ്കോറിന് ലക്ഷ്യാ സെൻ അനായാസം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കത്തിൽ ലീഡ് നേടി ലക്ഷ്യാ സെൻ മുന്നേറി. എന്നാൽ ശക്തമായി തിരിച്ചുവരാൻ ചൈനീസ് താരത്തിന് സാധിച്ചു. ആദ്യം 5-5 എന്ന് സ്കോറിൽ ഒപ്പത്തിനൊപ്പമെത്തി. പിന്നെ ലീഡുമായി ലി ഫെങ്ങ് മുന്നോട്ട് കുതിച്ചു. ഒരു ഘട്ടത്തിൽ 16-20 എന്ന നിലയിൽ ഗെയിം പോയിൻ്റിന് അടുത്തെത്തി ചൈനീസ് താരം. പിന്നീടായിരുന്നു ലക്ഷ്യാ സെന്നിൻ്റെ തകർപ്പൻ പ്രകടനം. ഗെയിം പോയിൻ്റിന് തൊട്ടരുകിൽ നിന്ന് മത്സരം പിടിച്ചെടുത്ത ലക്ഷ്യാ സെന്നിൻ്റെ മികവിനോട് കീഴടങ്ങാനായിരുന്നു ലി ഫെങ്ങിൻ്റെ വിധി.
മുമ്പ് ആറ് തവണ ലി ഫെങ്ങിനെ നേരിട്ടപ്പോൾ നാലിലും ജയം ലക്ഷ്യാ സെന്നിനായിരുന്നു. കഴിഞ്ഞ മാസം തായ്ലന്റ് ഓപ്പണിൽ നേർക്കുനേർ വന്നപ്പോഴും വിജയം ലക്ഷ്യയ്ക്ക് തന്നെ. ഒരിക്കൽകൂടി ഫെങ്ങിനെ മറികടന്ന ഇന്ത്യൻ താരം കനേഡിയൻ ഓപ്പണിലും വിജയം സ്വന്തമാക്കി.