ന്യൂഡല്ഹി: അന്താരാഷ്ട്ര ബാഡ്മിന്റണ് റാങ്കിംഗില് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന് താരങ്ങള്. ബാഡ്മിന്റണ് വേള്ഡ് ഫെഡറേഷന് (ബിഡബ്ല്യുഎഫ്) പുറത്തുവിട്ട റാങ്കിംഗിലാണ് താരങ്ങളുടെ മുന്നേറ്റം. പുരുഷ സിംഗിള്സില് മലയാളി താരം എച്ച് എസ് പ്രണോയ് ഒന്പതാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്ഷം പത്താം സ്ഥാനത്തായിരുന്നു പ്രണോയ്. ഇന്ത്യയുടെ ലക്ഷ്യ സെന് രണ്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തെത്തി. അതേസമയം വനിതാ സിംഗിള്സില് പി വി സിന്ധു 17-ാം സ്ഥാനത്ത് തുടര്ന്നു.
ജൂലൈ മാസത്തില് ടോക്കിയോയില് നടന്ന ജപ്പാന് ഓപ്പണ് സൂപ്പര് 750 സീരിസില് മികച്ച പ്രകടനമാണ് പ്രണോയ് കാഴ്ച വെച്ചത്. ടൂര്ണമെന്റില് ക്വാര്ട്ടര് കടമ്പ കടക്കാനാകാതെ പുറത്തായെങ്കിലും റാങ്കിംഗില് ഒരു സ്ഥാനം മെച്ചപ്പെടുത്താന് പ്രണോയിക്ക് കഴിഞ്ഞു. ടൂര്ണമെന്റില് മികച്ച പ്രകടനം പുറത്തെടുത്ത ലക്ഷ്യ സെന് സെമി ഫൈനല് വരെയെത്തിയിരുന്നു. ഈ പ്രകടനമാണ് താരത്തെ രണ്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തി 11-ാം റാങ്കിംഗിലെത്തിച്ചത്.
അതേസമയം മുന് ലോക ഒന്നാം നമ്പര് താരമായ കിഡംബി ശ്രീകാന്ത് പട്ടികയില് 19-ാം സ്ഥാനത്താണ്. ജപ്പാന് ഓപ്പണില് നിന്ന് ആദ്യ റൗണ്ടില് പുറത്തായെങ്കിലും പി വി സിന്ധു വനിതാ സിംഗിള്സില് 17-ാം സ്ഥാനം നിലനിര്ത്തി. ഇന്ത്യക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല് നേടിയ താരമാണ് പി വി സിന്ധു. പുരുഷ വിഭാഗം ഡബിള്സില് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.