ബുഡാപെസ്റ്റ്: 2023 ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് പുരുഷന്മാരുടെ ലോംഗ് ജംപില് മലയാളി താരം എം ശ്രീശങ്കര് പുറത്ത്. എട്ട് മീറ്റര് കടക്കാന് കഴിയാതിരുന്നതോടെയാണ് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായിരുന്ന ശ്രീശങ്കര് ഫൈനല് കാണാതെ പുറത്തായത്. 7.74 മീറ്റര്, 7.66 മീറ്റര്, 6.60 മീറ്റര് എന്നിങ്ങനെയായിരുന്നു ശ്രീശങ്കര് പിന്നിട്ട ദൂരം. അതേസമയം ലോങ് ജമ്പില് ഇന്ത്യയുടെ ജെസ്വിന് ആല്ഡ്രിന് ഫൈനലിന് യോഗ്യത നേടി. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന് താരമായി മാറിയിരിക്കുകയാണ് തമിഴ്നാട് സ്വദേശിയായ ജെസ്വിന്.
ഈ വര്ഷം മികച്ച ഫോമിലായിരുന്ന ശ്രീശങ്കറിന് പ്രതീക്ഷക്കൊത്ത് ഉയരാന് കഴിഞ്ഞില്ല. ലോങ് ജമ്പില് ഈ സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരം ശ്രീശങ്കറിന്റേതായിരുന്നു (8.41 മീറ്റര്). എന്നാല് ആ പ്രകടനത്തിന്റെ അടുത്തെത്താന് ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് താരത്തിന് കഴിഞ്ഞില്ല. ബാങ്കോക്കില് നടന്ന ഏഷ്യന് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് വെള്ളി മെഡലടക്കം നേടിയ പ്രകടനങ്ങളുടെ കരുത്തിലാണ് ശ്രീശങ്കര് ലോക അത്ലറ്റിക്സ് മീറ്റിനെത്തിയത്. ശ്രീശങ്കര് ബാങ്കോക്കില് 8.37 മീറ്റര് ദൂരം താണ്ടിയിരുന്നു. എന്നാല് ബുഡാപെസ്റ്റിലെത്തിയപ്പോഴേക്കും ശ്രീശങ്കറിന് ചാട്ടം പിഴക്കുകയായിരുന്നു.
അതേസമയം പുരുഷന്മാരുടെ ലോങ് ജമ്പില് എട്ട് മീറ്റര് ചാടി പന്ത്രണ്ടാമനായാണ് ജെസ്വിന് കലാശപ്പോരിന് ടിക്കറ്റെടുത്തത്. 37 താരങ്ങള് മത്സരിക്കാനെത്തിയ റൗണ്ടിനൊടുവിലായിരുന്നു ജെസ്വിന്റെ നേട്ടം. എന്നാല് വ്യക്തിഗത മികവിനോട് അടുത്ത പ്രകടനം പുറത്തെടുക്കാന് ജെസ്വിനും കഴിഞ്ഞില്ല.