സൂറിച്ച്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ സുവർണ നേട്ടത്തിന് ശേഷം ഡയമണ്ട് ലീഗിലും നീരജ് ചോപ്രയ്ക്ക് മെഡൽത്തിളക്കം. സൂറിച്ച് ഡയമണ്ട് ലീഗ് ജാവലിൻത്രോയിൽ 85.71 മീറ്റർ ജാവലിൻ എത്തിച്ചാണ് നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്. നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് 85.86 മീറ്റർ ജാവലിൻ എറിഞ്ഞാണ് ഡയമണ്ട് ലീഗിൽ ജേതാവായത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാം സ്ഥാനം. വെബർ 85.04 മീറ്റർ ജാവലിൻ എത്തിച്ചു.
ലോക ചാമ്പ്യൻഷിപ്പിന് ശേഷം എത്തിയ ഡയമണ്ട് ലീഗിൽ നീരജിന് തന്റെ പൂർണ മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ നീരജിന്റെ മൂന്ന് അവസരങ്ങൾ ഫൗളായി. ആദ്യ മൂന്ന് അവസരങ്ങൾ കഴിഞ്ഞപ്പോൾ നീരജ് അഞ്ചാം സ്ഥാനത്തായിരുന്നു. രണ്ട് ത്രോകൾ 85 മീറ്റർ കടന്നതോടെ നീരജ് മുന്നിലേക്ക് എത്തുക ആയിരുന്നു. രണ്ടാം സ്ഥാനത്ത് ആണെങ്കിലും സെപ്റ്റംബർ 13 ന് നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് നീരജ് യോഗ്യത നേടി.
ലോങ് ജംപിൽ ഇന്ത്യയുടെ പ്രതീക്ഷയായ മലയാളി താരം മുരളി ശ്രീശങ്കർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആദ്യ ഊഴത്തിൽ 7.99 മീറ്റർ ശ്രീശങ്കർ ചാടിയിരുന്നു. മത്സരത്തിൽ നാല് റൗണ്ട് വരെ ശ്രീശങ്കർ നാലാം സ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാൽ ഒളിംപിക്സ് ചാമ്പ്യൻ ഗ്രീസിന്റെ മിൽത്തിയാദിസ് ടെന്റഗ്ലൂ 8.20 മീറ്റർ ചാടിയതോടെ ശ്രീശങ്കർ പിന്നിലേക്ക് പോയി. മിൽത്തിയാദിസ് ആണ് ഡയമണ്ട് ലീഗ് ചാമ്പ്യൻ. ഡയമണ്ട് ലീഗ് ഫൈനലിനും ശ്രീശങ്കർ യോഗ്യത നേടിയിട്ടുണ്ട്.