കിങ്സ് ഓഫ് കബഡി; ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

മത്സരത്തിനിടെ താരങ്ങളും അധികൃതരും തമ്മിൽ വാക്കുതർക്കം ഉണ്ടായത് ഫൈനലിന്റെ നിറം കെടുത്തി

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യയ്ക്ക് സുവർണ തിളക്കം. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ 33-29 എന്ന പോയിന്റിന് ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ കബഡിയുടെ രാജാക്കന്മാരായത്. മത്സരത്തിൽ വ്യക്തമായ മുൻ തൂക്കത്തോടെയാണ് ഇന്ത്യൻ ടീം മുന്നോട്ടുപോയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 17-13ന് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ ഇറാൻ ശക്തമായ പോരാട്ടം കാഴ്ച വെച്ചതോടെ സ്കോർ 25-25ന് തുല്യമായി. എങ്കിലും നാല് പോയിന്റിന്റെ ലീഡിൽ ഇന്ത്യ മത്സരം ജയിച്ചു. അതിനിടെ മത്സരത്തിനിടെ താരങ്ങളും അധികൃതരും തമ്മിൽ വാക്കുതർക്കം ഉണ്ടായത് ഫൈനലിന്റെ നിറം കെടുത്തി.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പവൻ സെഹ്രാവത് ഇറാന്റെ കളത്തിലേക്ക് എത്തി. എന്നാൽ ഇറാന്റെ താരങ്ങളുടെ മേൽ ടച്ച് ഉണ്ടാക്കാതെ പവൻ തിരികെ വന്നു. ആ സമയത്ത് നാല് ഇറാനിയൻ താരങ്ങൾ പവനെ പ്രതിരോധിച്ചു. ഇത് പവനെ ഇറാനിയൻ താരങ്ങൾ പ്രതിരോധിച്ചോ എന്നത് സംശയമുണ്ടാക്കി. ഇറാന് ഒരു പോയിന്റ് ലഭിച്ചതോടെ ഇന്ത്യൻ താരങ്ങൾ പ്രതിഷേധിച്ചു. ടെലിവിഷൻ ദൃശ്യങ്ങളിൽ പരിശോധിച്ച ശേഷം ഇന്ത്യയ്ക്ക് നാല് പോയിന്റ് ലഭിച്ചു. ബൗണ്ടറി ലൈനിന് പുറത്തുവെച്ചാണ് പവനെ ഇറാൻ താരങ്ങൾ തടഞ്ഞതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പക്ഷേ ഇറാൻ താരങ്ങൾ പ്രതിഷേധം ആരംഭിച്ചു. എന്നാൽ കബഡി നിയമപ്രകാരം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു അന്തിമ തീരുമാനം. ഈ പോയിന്റുകൾ ഇന്ത്യയുടെ ജയത്തിൽ തന്നെ നിർണായകമായി.

വനിതകളുടെ കബഡിയിലും ഇന്ത്യ സുവർണ നേട്ടം ആഘോഷിച്ചിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 105ലേക്ക് എത്തി. 28 സ്വർണവും 36 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം നേടി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ 100ലധികം മെഡലുകൾ നേടുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us