ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ഹര്ജി സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആവശ്യം തള്ളിയത്. സ്വവര്ഗ പങ്കാളികൾക്ക് നിയമപരമായി വിവാഹം ചെയ്യുവാനോ കുട്ടികളെ ദത്തെടുക്കാനോ അവകാശമില്ല. എന്നാൽ വിധിക്കെതിരെ മുന്നോട്ടുപോകാനാണ് സ്വവർഗ പങ്കാളികളുടെ തീരുമാനം. ഇവരുടെ കൂട്ടത്തിൽ ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദുമുണ്ട്.
തന്റെ പങ്കാളി മൊണാലിസയെ വിവാഹം കഴിക്കാൻ പദ്ധതിയിടുന്നതായി ദ്യുതി ചന്ദ് പറയുന്നു. പക്ഷേ സുപ്രീം കോടതിയുടെ വിധി ആശങ്കപ്പെടുത്തുന്നു. അഞ്ച് വർഷമായി മൊണാലിസയ്ക്കൊപ്പം ജീവിക്കുന്നു. ഞങ്ങൾ സുഖമായി ജീവിക്കുന്നു. സ്വയം തീരുമാനമെടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. പാർലമെന്റിൽ സ്വവർഗ പങ്കാളികൾക്ക് അനുകൂല നിയമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദ്യുതി ചന്ദ് വ്യക്തമാക്കി.
മറ്റു പല രാജ്യങ്ങളിലും സ്വവർഗ വിവാഹം നിയമപരമാക്കിയിട്ടുണ്ടെന്നും ദ്യുതി ചൂണ്ടിക്കാട്ടി. വോട്ടു ചെയ്യാൻ അവകാശമുള്ള പോലെ ഇഷ്ടപ്പെട്ട വ്യക്തിയുമായി ഒന്നിച്ച് ജീവിക്കാനും അവകാശം ഉണ്ടാകണം. കോടതി വിധി എന്തായാലും സർക്കാർ കൃത്യമായി തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദ്യുതി ചന്ദ് പറഞ്ഞു. എന്നാൽ ദ്യുതിയുടെ മാതാപിതാക്കൾ സ്വവർഗ വിവാഹത്തിന് എതിരായിരുന്നു. ദ്യുതിയുടെ മാതാപിതാക്കൾ സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.