തിരിച്ചുവരവില് പതറി; ഓസ്ട്രേലിയന് ഓപ്പണില് നവോമി ഒസാക്ക പുറത്ത്

മത്സരത്തിന്റെ ഒന്നാം റൗണ്ടില് തന്നെ താരം പുറത്തായി

dot image

മെല്ബണ്: ഓസ്ട്രേലിയന് ഓപ്പണ് ടെന്നീസില് ജപ്പാന് താരം നവോമി ഒസാക്ക പുറത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഗ്രാന്ഡ് സ്ലാമിലേക്കുള്ള തന്റെ തിരിച്ചുവരവ് മത്സരത്തിലാണ് താരം പുറത്തായത്. ഫ്രഞ്ച് താരം കരോലിന് ഗാര്ഷ്യയോടാണ് രണ്ട് തവണ ഓസ്ട്രേലിയന് ഓപ്പണ് ചാമ്പ്യനായ നവോമി തോല്വിയേറ്റുവാങ്ങിയത്. സ്കോര് 6-4, 7-6.

റോഡ് ലേവര് അരീനയില് തിങ്കളാഴ്ച നടന്ന മത്സരത്തിന്റെ ഒന്നാം റൗണ്ടില് തന്നെ താരം പുറത്തായി. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫ്രഞ്ച് 16-ാം സീഡായ ഗാര്ഷ്യയുടെ വിജയം. ഒസാക്കക്കെതിരെ ഒറ്റ ബ്രേക്കിലൂടെ ഗാര്ഷ്യ ഓപ്പണിങ് സെറ്റ് ഉറപ്പിച്ചു. രണ്ടാം സെറ്റ് ടൈ ബ്രേക്കറില് ആധിപത്യം പുലര്ത്തിയതോടെ ഗാര്ഷ്യ വിജയമുറപ്പിച്ചു.

2022 സെപ്റ്റംബര് മുതല് ഒസാക്ക ടെന്നീസില് നിന്ന് വിട്ടുനില്ക്കുകയാണ്. നാല് ഗ്രാന്ഡ് സ്ലാം കിരീടജേതാവായ ഒസാക്ക മാനസികാരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയാണ് ഇടവേള എടുത്തത്. ഇതിനിടെ ജൂലൈയില് ഒരു പെണ്കുഞ്ഞിന് ജന്മം നല്കുകയും ചെയ്ത ഒസാക്ക 2024 സീസണില് ടെന്നീസിലേക്ക് തിരിച്ചുവരാന് തീരുമാനിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image