മസ്ക്കറ്റ്: എഎഫ്സി ഏഷ്യൻ കപ്പിൽ ഉസ്ബെക്കിസ്ഥാൻ ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഉസ്ബെക്ക് മുന്നേറ്റത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഫൈസുല്ലയേവ്, സെർജിയേവ്, നസ്രുല്ലോവ് എന്നിവരാണ് ഇന്ത്യന് പ്രതിരോധ പൂട്ട് തകർത്ത് ഉസ്ബെക്കിസ്ഥാനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയിലായിരുന്നു ഉസ്ബെക്കിസ്ഥാൻ മൂന്ന് ഗോളുകളും ഇന്ത്യൻ വലയിലെത്തിച്ചത്. കളിയുടെ നാല്, പതിനെട്ട് മിനിറ്റുകളിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലുമായിരുന്നു ഉസ്ബെക്കിസ്ഥാൻ്റെ ഗോൾ നേട്ടം. ആദ്യ മത്സരത്തിലെ ആദ്യ പകുതിയിൽ ഇന്ത്യൻ പ്രതിരോധ നിര ഓസ്ട്രേലിയയെ ഗോൾരഹിത സമനിലയിൽ കുരുക്കിയിരുന്നു.
ഫലപ്രദമായ രീതിയിൽ ആക്രമണങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യൻ മുന്നേറ്റ നിരയുടെ പേരായ്മ ഒരിക്കൽ കൂടി വ്യക്തമാകുന്നതായിരുന്നു ഉസ്ബെക്കിസ്ഥാനുമായുള്ള മത്സരവും. ഇതിന് പുറമെ പ്രതിരോധ നിരയിലെ പിഴവും ഇന്ത്യക്ക് വിനയായി.
50-ാം മിനിറ്റ് വരെ പ്രതിരോധിച്ച് നിന്നതിന് ശേഷമായിരുന്നു ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ടീം ആദ്യ ഗോൾ വഴങ്ങിയത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 50-ാം മിനിറ്റിൽ മധ്യനിര താരം ജാക്സൺ ഇർവിൻ, 73-ാം മിനിറ്റിൽ ജോർദാൻ ബോസ് എന്നിവരായിരുന്നു ഓസീസ് സ്കോറർമാർ. ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിൽ പ്രതിരോധ നിര കാഴ്ചവെച്ച ചെറുത്ത് നിൽപ്പ് രണ്ടാം മത്സരത്തിൽ ഉണ്ടായില്ല. രണ്ടാം മത്സരത്തിൽ ആക്രണാത്മക ഫുട്ബോൾ കളിക്കുമെന്ന് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞിരുന്നു.