സിന്നര് വിന്നര്; ഓസ്ട്രേലിയന് ഓപ്പണ് കിരീടം യാനിക് സിന്നറിന്

ഡാനില് മെദ്വദേവിനെ കീഴടക്കിയാണ് സിന്നര് കിരീടം സ്വന്തമാക്കിയത്

dot image

മെല്ബണ്: ഓസ്ട്രേലിയന് ഓപ്പണ് ടെന്നിസ് കിരീടം സ്വന്തമാക്കി ഇറ്റാലിയന് സൂപ്പര് താരം യാനിക് സിന്നര്. ഇന്ന് നടന്ന ഫൈനലില് റഷ്യന് സൂപ്പര് താരം ഡാനില് മെദ്വദേവിനെ കീഴടക്കിയാണ് സിന്നര് കിരീടത്തില് മുത്തമിട്ടത്. ഇറ്റാലിയന് താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്ഡ്സ്ലാം കിരീടമാണിത്. സ്കോര്: 3-6, 3-6, 6-4, 6-4, 6-3.

ആദ്യ രണ്ട് സെറ്റുകള് നഷ്ടമായ ശേഷം സിന്നറിന്റെ ശക്തമായ തിരിച്ചുവരവിനാണ് മെല്ബണിലെ റോഡ് ലേവര് അരീന സാക്ഷ്യം വഹിച്ചത്. ആദ്യ സെറ്റുകളില് മെദ്വദേവിന്റെ തകർപ്പന് മുന്നേറ്റമാണ് കാണാനായത്. ആദ്യ സെറ്റും രണ്ടാം സെറ്റും 6-3ന് സ്വന്തമാക്കിയ മെദ്വദേവ് അനായാസം കിരീടം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു.

എന്നാല് തളരാതെ പോരാടിയ സിന്നര് മൂന്നാം സെറ്റില് അതിഗംഭീരമായി തിരിച്ചുവന്നു. മെദ്വദേവിന്റെ സെര്വ് ഭേദിച്ച സിന്നര് 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയതോടെ മത്സരത്തിന്റെ ഗതി മാറിത്തുടങ്ങി. നാലാം സെറ്റും 6-4ന് സ്വന്തമാക്കിയ സിന്നര് കളി തിരിച്ചുപിടിച്ചതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. സിന്നറിന്റെ ശക്തമായ തിരിച്ചുവരവിന് മുന്നില് മെദ്വദേവിന് കാഴ്ചക്കാരനായി നില്ക്കാനേ സാധിച്ചുള്ളൂ. അഞ്ചാം സെറ്റ് 6-3 ന് സ്വന്തമാക്കിയാണ് സിന്നര് തന്റെ കന്നി ഗ്രാന്ഡ്സ്ലാം കിരീടത്തില് മുത്തമിട്ടത്.

ഇതോടെ ചില റെക്കോർഡുകളും സിന്നര് സ്വന്തമാക്കി. ഓസ്ട്രേലിയന് ഓപ്പണ് പുരുഷ സിംഗിള്സ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയന് താരമായി യാനിക് സിന്നര്. പത്ത് വർഷത്തിനു ശേഷം ഓസ്ട്രേലിയന് ഓപ്പണ് ചാമ്പ്യനാവുന്ന പുതിയ പുരുഷ താരമെന്ന ബഹുമതിയും സിന്നറെ തേടിയെത്തി. 2014ല് ചാമ്പ്യനായ സ്റ്റാന് വാവ്റിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് പുതിയ താരം ഓസ്ട്രേലിയന് ഓപ്പണില് മുത്തമിടുന്നത്.

2006 മുതല് റോജര് ഫെഡറര്, റാഫേല് നദാല്, നൊവാക് ജോക്കോവിച്ച് എന്നിവരില് ആരെങ്കിലും ഒരാളാണ് ഓസ്ട്രേലിയന് ഓപ്പണിന്റെ ചാമ്പ്യനായിരുന്നത്. 2014ല് സ്റ്റാന് വാവ്റിങ്ക ചാമ്പ്യനായത് മാത്രമാണ് ഇതിനൊരു അപവാദം. 2006ന് ശേഷം ഫെഡറര്-നദാല്-ജോക്കോ എന്നിവര് ഇല്ലാതെ ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയന് ഓപ്പണ് ഫൈനല് നടന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us