സൂറിച്ച്: ലോക ടെന്നീസിൽ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയായ കളിക്കാരനായി നൊവോക്ക് ജോക്കോവിച്ച്. ഇതിഹാസ താരമായ റോജർ ഫെഡററെ മറികടന്നാണ് സെർബിയൻ താരം ഈ നേട്ടം സ്വന്തമാക്കിയത്. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്കുടമ കൂടിയാണ് ജോക്കോവിച്ച്. 36 വയസ്സും 321 ദിവസവുമാണ് പ്രായം.
ഏറ്റവും കൂടുതൽ ആഴ്ചകൾ ഒന്നാം റാങ്കിലിരുന്ന താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലാണ്. 419 ആഴ്ച്ചയാണ് ജോക്കോവിച്ച് ഒന്നാം റാങ്കിലിരുന്നിട്ടുള്ളത്. 310 ആഴ്ചകൾ ഒന്നാം സ്ഥാനത്തിരുന്ന റോജർ ഫെഡററുടെ റെക്കോർഡ് തന്നെയാണ് ജോക്കോവിച്ച് തിരുത്തിയത്.
2011 ജൂലായ് നാലിന് തന്റെ 24 ആം വയസ്സിലാണ് താരം ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്. അക്കാലത്തെ പ്രധാന താരങ്ങളായിരുന്ന റോജർ ഫെഡററും റാഫേൽ നദാലും തങ്ങളുടെ 22 ആം വയസ്സിലാണ് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.
വൈകിയാണ് ഒന്നാം സ്ഥാനത്തെത്തിയതെങ്കിലും അൽഭുതകരമായ ഫിറ്റ്നസും അപാരമായ വിജയ തൃഷ്ണയും ഒന്നിക്കുന്ന ജോക്കോവിച്ച് തന്റെ 37 ആം വയസ്സിലും വിജയയാത്ര തുടരുകയാണ്. ഡബിൾസ് ലോക ടെന്നീസ് റാങ്കിങ്ങിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പറുകാരൻ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയാണ്. 44 വയസ്സാണ് ബൊപ്പണ്ണയുടെ പ്രായം.