ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെതിരെ തുറന്നടിച്ച് പുറത്താക്കപ്പെട്ട മുൻ കോച്ച് ഇഗോർ സ്റ്റിമാച്ച്. ഇന്ത്യൻ ഫുട്ബോൾ തടവിലാണെന്നും ഒരിക്കലും അത് നന്നാകുന്ന ലക്ഷണം കാണുന്നില്ലെന്നും സ്റ്റിമാച്ച് തുറന്നടിച്ചു.
ഒരു ഓൺലൈൻ വാർത്താ സമ്മേളനത്തിലാണ് സ്റ്റിമാച്ച് ഇന്ത്യൻ ഫുടബോളിന്റെ അവസ്ഥയെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. 'തന്നെ ഇത്രയും വർഷം നിശ്ശബ്ദനാക്കിയതാണ് ഫെഡറേഷന്റെ ഏറ്റവും വലിയ നേട്ടം. അടുത്ത റൗണ്ടിലേക്ക് ടീം മുന്നേറിയാലും ഞാൻ തുടർന്നേക്കില്ല എന്ന് ചില സീനിയർ താരങ്ങൾക്ക് അറിയാമായിരുന്നു. കൃത്യമായ പിന്തുണയില്ലാതെ, സ്വന്തം കാര്യം മാത്രം നോക്കുന്നവരുടെ ഇടയിൽ ഇങ്ങനെ നിൽക്കാൻ എനിക്കാകില്ലായിരുന്നു'; സ്റ്റിമാച്ച് പറഞ്ഞു
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേയ്ക്കെതിരെയും സ്റ്റിമാച്ച് രൂക്ഷവിമർശനമുന്നയിച്ചു. 'സ്വയം പ്രശസ്തനാകുക എന്നതിലുപരി ചൗബെയ്ക്ക് ഇന്ത്യൻ ഫുട്ബോൾ നന്നാക്കണമെന്ന് ഒരു ലക്ഷ്യവുമില്ല. ഇവർക്കൊക്കെ അധികാരം വേണമെന്നല്ലാതെ ഒരു ഫുട്ബോൾ ഫെഡറേഷൻ എങ്ങനെ നടത്തണം എന്ന് പോലും അറിയില്ല. ചൗബേ പോയാൽ ഒരുപക്ഷെ ഇന്ത്യൻ ഫുട്ബോൾ നന്നാകുമായിരിക്കും'; സ്റ്റിമാച്ച് രൂക്ഷമായി വിമർശിച്ചു
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മോശം പ്രകടനത്തെത്തുടർന്ന് സ്റ്റിമാച്ചിനെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഖത്തറിനെതിരെ വിവാദ ഗോളിൽ ഇന്ത്യ പുറത്തായത് ലോകകപ്പ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതോടെയാണ് 2026 വരെ കരാറുണ്ടായിരുന്ന സ്റ്റിമാച്ചിന്റെ സ്ഥാനം തെറിച്ചത്.