ചെസിൽ എതിരാളികളെ കറക്കി വീഴ്ത്താൻ അശ്വിൻ; ആശംസകളുമായി വിശ്വനാഥൻ ആനന്ദ്

ഇന്ത്യയ്ക്ക് വേണ്ടി നൂറിലധികം ഏകദിനങ്ങളും ടെസ്റ്റുകളും നേടിയിട്ടുള്ള താരം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ താരങ്ങളിൽ ഒരാളാണ്

dot image

ചെന്നൈ: എതിർ ബാറ്റർമാരെ തന്റെ സ്പിൻ മാന്ത്രികത കൊണ്ട് കറക്കി വീഴ്ത്തുന്ന താരമാണ് രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയ്ക്ക് വേണ്ടി നൂറിലധികം ഏകദിനങ്ങളും ടെസ്റ്റുകളും നേടിയിട്ടുള്ള താരം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ താരങ്ങളിൽ ഒരാളാണ്. നിലവിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎൽ കളിക്കുന്ന താരം ക്രിക്കറ്റിന് പുറത്തേക്കും തന്റെ സ്പോർട്സ് കരിയർ നീട്ടുകയാണ്. ചതുരംഗക്കളത്തിലാണ് പുതിയ കരുനീക്കങ്ങളുമായി അശ്വിനെത്തുക.

ഗ്ലോബൽ ചെസ് ലീഗിൽ അമേരിക്കൻ ഗാംബിറ്റ്സ് എന്ന ഫ്രാഞ്ചൈസിയുടെ സഹ ഉടമസ്ഥാവകാശം സ്വന്തമാക്കിയ താരം ലോക ചെസ് ഫെഡറേഷനും (ഫിഡെ) ടെക് മഹീന്ദ്രയും ചേർന്നൊരുക്കുന്ന ആറ് ടീമുകളടങ്ങുന്ന ചെസ് ലീഗിൽ തേര് തെളിക്കുന്നവരിലൊരാളായി രംഗത്തുണ്ടാകും. ലോകത്തെ പ്രധാന ഗ്രാൻഡ്മാസ്റ്റർമാർ അണിനിരക്കുന്ന ലോക ചെസ് ലീഗിന്റെ രണ്ടാമത്തെ എഡിഷൻ ഒക്ടോബർ മൂന്ന് മുതൽ 12 വരെ ലണ്ടനിലാണ് അരങ്ങേറുന്നത്.

അതേസമയം ക്രിക്കറ്റിനപ്പുറത്തേക്കും സ്പോർട്സ് യാത്ര തുടരുന്ന ആർ അശ്വിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്. 'ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാളുകൾ എറിഞ്ഞ ഒരാളെന്ന നിലയിൽ, അമേരിക്കൻ ഗാംബിറ്റ്സിനൊപ്പം ഗ്ലോബൽ ചെസ് ലീഗിലും നിങ്ങൾ അതേ മത്സര മനോഭാവം കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഓഫ് സ്പിൻ പോലെ തന്നെ തേരുകളും ആർക്കും തടയാൻ കഴിയാത്തതായിരിക്കട്ടെ', അദ്ദേഹം എക്സിൽ കുറിച്ചു. രജനികാന്ത് നായകനായ പടയപ്പ എന്ന സിനിമയിലെ എ ആർ റഹ്മാൻ ഈണമിട്ട ‘വെട്രി കൊടി കട്ട് ’ എന്ന് തുടങ്ങുന്ന ഗാനത്തിലെ ഏതാനും വരികളും ആനന്ദ് പോസ്റ്റിൽ കുറിച്ചു.

കോപ്പ കലാശപ്പോരിൽ അർജന്റീനക്ക് എതിരാളിയാര്;കൊളംബിയയോ യുറുഗ്വായോ ?
dot image
To advertise here,contact us
dot image