ലണ്ടൻ: വിംബ്ൾഡൺ പുരുഷ സിംഗിൾസിലെ സെമിഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. സ്പാനിഷ് യുവതാരം കാർലോസ് അൽകാരസും റഷ്യയുടെ ഡാനിൽ മെദ് വദേവും തമ്മിലാണ് ആദ്യ സെമി. സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്ചും ഇറ്റലിയുടെ യുവ താരം ലോറെൻസോ മുസേറ്റിയും തമ്മിലാണ് രണ്ടാം സെമി.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ദ്യോകോവിച്ചിനെ അട്ടിമറിച്ച അൽകാരസ് കിരീട തുടർച്ച തേടിയാണ് ഇറങ്ങുന്നത്. യുഎസിന്റെ മൂന്നാം സീഡ് താരമായ ടോമി പോളിനെ തോൽപിച്ചാണ് അൽകാരസ് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇറ്റലിയുടെ ജാനിക് സിന്നറിനെ മറികടന്നാണ് ഡാനിൽ മെദ് വദേവെത്തുന്നത്. അതേ സമയം ആസ്ട്രേലിയൻ താരം അലക്സ് ഡീ മിനോർ പരിക്കേറ്റ് പിന്മാറിയതിനാൽ ദ്യോകോവിച്ചിന് ക്വാർട്ടർ ഫൈനൽ കളിക്കേണ്ടി വന്നില്ല. യുഎസിന്റെ ടെയ്ലർ ഫ്രിറ്റ്സായിരുന്നു 25ാം സീഡായ മുസേറ്റിയുടെ ക്വാർട്ടർ എതിരാളി. രണ്ടാം സീഡായ ദ്യോകോവിച് എട്ടാം വിംബ്ൾഡനും 25ാം ഗ്രാൻഡ് സ്ലാമുമാണ് ലക്ഷ്യമിടുന്നത്.
അതേ സമയം വുമൺ സിംഗിൾസിൽ ഇന്നലെ ഇറ്റാലിയൻ താരമായ പൗളീനി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ഏഴാം സീഡ് താരമായ പൗളീനി സെമി ഫൈനലിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെയാണ് മൂന്ന് സെറ്റുകൾക്കൊടുവിൽ തോൽപ്പിച്ചത്. വിംബിൾഡൺ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ വനിതാ സിംഗിൾസ് സെമി ഫൈനൽ കൂടിയായിരുന്നു അത്. ഇന്നലെ നടന്ന മറ്റൊരു വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് താരം കെജ്രിക്കോവ ഖസാക്കിസ്ഥാൻ താരം റൈബാകിനായെ തോൽപ്പിച്ചു. ആദ്യ സെറ്റ് നഷ്ട്ടപ്പെട്ട് പിന്നിൽ നിന്ന് പിന്നീടുള്ള രണ്ട് സെറ്റുകളും നേടിയെടുത്താണ് ചെക്ക് വനിതാ താരം ഫൈനലിലേക്ക് കുതിച്ചത്. ജൂലായ് 13 നാണ് പൗളീനിയും കെജ്രിക്കോവയും തമ്മിലുള്ള വനിതാ സിംഗിൾസ് ഫൈനൽ.
വിംബിൾഡൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ വനിത; ചരിത്രം സൃഷ്ടിച്ച് പൗളീനി