പാരിസ്: ഒളിംപിക്‌സിനായി പാരിസിലെത്തിയ അഞ്ച് ഓസ്‌ട്രേലിയന്‍ വനിതാ വാട്ടര്‍ പോളോ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൂടി പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്ടര്‍ പോളോ ടീമംഗങ്ങളില്‍ മാത്രമാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഓസ്‌ട്രേലിയയുടെ ഒളിംപിക്‌സ് ടീം ചീഫ് അന്ന മെയേഴ്‌സ് അറിയിച്ചു. 'ഉച്ചതിരിഞ്ഞ് പരിശീലനമുണ്ട്. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മാത്രം പരിശീലനം തുടരും. ടീം കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട്', മെയേഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിംപിക്‌സിന് കൊവിഡ് ഭീതി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന ഉണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇതുവരെ ഇല്ലെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി വലെടൗക്‌സും അറിയിച്ചു. കൊവിഡ് കാരണം 2020ലെ ടോക്കിയോ ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതിന് ശേഷം വലിയതോതില്‍ കാണികളെ അനുവദിക്കാത്ത രീതിയില്‍ നടത്തിയിരുന്നു. ഇതിനുശേഷം കൊവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന ഒളിംപിക്‌സാണ് പാരിസിലേത്.