പാരിസ്: ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയന്‍ ടീമിനെ ഉത്തര കൊറിയ എന്ന് അബദ്ധത്തില്‍ അഭിസംബോധന ചെയ്തതില്‍ ഖേദപ്രകടനവുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി). ഉദ്ഘാടന ചടങ്ങില്‍ രാജ്യങ്ങളുടെ പരേഡിനിടെയാണ് സംഘാടകര്‍ക്ക് തെറ്റ് പറ്റിയത്. ഇംഗ്ലീഷിലും ഫ്രഞ്ച് ഭാഷയിലും അബദ്ധം ആവര്‍ത്തിച്ചതോടെ വലിയ വിവാദവും ഉടലെടുത്തിരിക്കുകയാണ്.
മാര്‍ച്ച് പാസ്റ്റില്‍ ഫ്രഞ്ച് ആല്‍ഫബെറ്റ് അനുസരിച്ച് ദക്ഷിണ കൊറിയ 153-ാം സ്ഥാനത്താണ് എത്തിയത്. താരങ്ങള്‍ എത്തിയതോടെ 'ഡെമോക്രാറ്റിക്ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയ' (ഉത്തര കൊറിയ) എന്നാണ് അനൗണ്‍സര്‍ പരിചയപ്പെടുത്തിയത്. 'റിപ്പബ്ലിക് ഓഫ് കൊറിയ' എന്ന് മാത്രമാണ് തെക്കന്‍ കൊറിയയുടെ ഔദ്യോഗിക നാമം.
An error occurred in our broadcast when introducing the team of the National Olympic Committee (NOC) of the Republic of Korea during the Opening Ceremony, we apologise sincerely. pic.twitter.com/LfUPLrtaYv
— IOC MEDIA (@iocmedia) July 27, 2024
സംഭവത്തിന് പിന്നാലെ വിമര്‍ശനവുമായി ദക്ഷിണ കൊറിയ അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. ദക്ഷിണ കൊറിയയുടെ കായിക മന്ത്രാലയവും അതൃപ്തി പ്രകടിപ്പിച്ചു. അബദ്ധം മനസ്സിലാക്കിയതോടെ ഒളിംപിക് കമ്മിറ്റിയും ക്ഷമ പറഞ്ഞ് രംഗത്ത് വന്നു. 'ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയന്‍ ടീമിന്റെ പേര് തെറ്റായി അഭിസംബോധന ചെയ്ത പിഴവിന് പൂര്‍ണ മനസ്സോടെ മാപ്പുചോദിക്കുന്നു', ഐഒസി എക്‌സില്‍ കുറിച്ചു.