പാരിസ്: ലോകത്തിനാകെ പുതിയ ദൃശ്യവിരുന്നേകി പാരിസ് ഉദ്ഘാടന ചടങ്ങ്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നടത്തിയ ഉദ്ഘാടന ചടങ്ങിൽ സെന്‍ നദിയിലൂടെ പാരിസിലേക്ക് കായിക ലോകം ഒഴുകിയെത്തി. ഓസ്റ്റര്‍ലിസ് പാലത്തില്‍ വര്‍ണവിസ്മയത്തിൽ തുടങ്ങിയ ദീപശിഖ പ്രയാണം നദിയിലൂടെ ആറുകിലോമീറ്റർ സഞ്ചരിച്ചു. അഭയാർത്ഥി ഒളിംപിക്സ് ടീമടക്കം 206 ടീമുകളും താരങ്ങളും ആ ഓളപ്പരപ്പിലേക്ക് വിവിധ പതാകകളും നിറങ്ങളുമായി പ്രവേശിച്ചു. പരമ്പരാഗത മാർച്ച് പാസ്റ്റ് രീതി പൊളിച്ചു കൊണ്ടാണ് 90 ലേറെ ബോട്ടുകളിലായി സെൻ നദിയിലൂടെ ആറുകിലോമീറ്റർ സഞ്ചരിച്ച് പതിനായിരത്തിലേറെ ഒളിംപിക്സ് താരങ്ങള്‍ ആ ആവേശത്തിന്റെ ഭാഗമായത്
കനത്ത മഴയെ അവഗണിച്ചാണ് പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേർ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതപരിപാടി ഒളിംപിക്സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. 'ദി കാന്‍ കാന്‍' എന്ന ഫ്രഞ്ച് കാബറെ ഗാനമാണ് ലേഡി ഗാഗ ഉദ്ഘാടന വേദിയില്‍ ആലപിച്ചത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് മുപ്പതാം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം ചെയ്തത്. ഒളിംപിക്സ് ഗീതത്തിന് ശേഷം സിനദിൻ സിദാൻ, റാഫേൽ നദാൽ, സെറീന വില്യംസ്, നാദിയ കൊമനേച്ചി, കാൾ ലൂയിസ് എന്നിവരുൾപ്പെടെയുള്ള നിരവധി ഇതിഹാസ കായിക താരങ്ങളിലൂടെ കൈമാറിയ ദീപശിഖ ഫ്രഞ്ച് അത്‌ലറ്റ് മേരി ജോസ് പെരെകും ജൂഡോ താരം ടെഡി റിന്നറും ഏറ്റ് വാങ്ങി. ഇരുവരും ചേർന്ന് ഏഴ് മീറ്റർ വീതിയുള്ള ഒളിംപിക് ദീപത്തിന് തിരികൊളുത്തി. തുടർന്ന് എയർ ബലൂണിന്റെ സഹായത്തോടെ ഒളിംപിക് ദീപം മുപ്പത് മീറ്റർ ആകാശത്തേക്കുയർന്നു.
നൂറ് വയസ്സുള്ള ഫ്രാൻസിൻ്റെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്വർണ്ണ മെഡൽ ജേതാവായ കാർലോസ് കോസ്റ്റും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ പതാക വാഹകരായ പി വി സിന്ധുവിന്റേയും ശരത് കമലിന്റെയും നേതൃത്വത്തിൽ 78 കായികതാരങ്ങളും ഒഫീഷ്യലുകളും പരേഡിന്റെ ഭാഗമായി. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ 10,500 അത്‌ലറ്റുകൾ മത്സരിക്കും. 32 ഇനങ്ങളിലായി 329 മെഡൽ വിഭാഗത്തിലാണ് ഇത്തവണ മത്സരം.