2020 ടോക്കിയോ ഒളിംപിക്സ്. ചരിത്രത്തിലെ ഏറ്റവും മികച്ച ഷൂട്ടിങ് സംഘവുമായാണ് ഇന്ത്യൻ സംഘം അന്ന് ഒളിംപിക്സിനെത്തിയത്. 2008ൽ ബിന്ദ്രയുടെ സ്റ്റാർട്ടിങ് വെടിയൊച്ച കേട്ട് കുതിച്ചോടിയ ഇന്ത്യൻ മെഡൽ തോക്കുകൾ ഷൂട്ടിങ്ങിൽ അഭൂതപൂർവ്വമായ ഒരു കുതിപ്പാണ് ആ പന്ത്രണ്ട് വർഷങ്ങൾ കൊണ്ട് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്തിലും റിയോ, ലണ്ടൻ ഒളിംപിക്സിലും കാഴ്ച്ച വെച്ചിരുന്നത്.
ഏഴ് മെഡലുകളുമായി ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടാൻ അക്കൊല്ലം ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും അരഡസനോളം മെഡലുകൾ പ്രതീക്ഷിച്ചിരുന്ന ഷൂട്ടിങ് പിറ്റിൽ നിന്നും നിരാശ മാത്രമായിരുന്നു ഫലം. എയർ റൈഫിളിലും പിസ്റ്റളിലുമെല്ലാം അന്ന് ഇന്ത്യൻ ഷൂട്ടർമാർക്ക് ഉന്നം പിഴച്ചു. 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഫൈനലിലേക്ക് മുന്നേറിയ മനു ഭാകറിന് അവസാന നിമിഷം പിസ്റ്റൾ ജാമിങ്ങിൽ പിന്മാറേണ്ടി വന്നു. അന്ന് കണ്ണീരോടെ പിറ്റിൽ നിന്നും തിരിച്ചു നടന്ന പതിനെട്ട് വയസ്സുകാരി ഭാകർ നാല് വർഷങ്ങൾക്കപ്പുറം പാരീസിൽ സ്വർണ്ണ തിളക്കം പോലുള്ള വെങ്കല മെഡൽ നേടുന്നു.
ഈ ഒളിംപിക്സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘവുമായി എത്തിയ ഇന്ത്യൻ സംഘത്തിനും വലിയ ആത്മവിശ്വാസമേകുന്നതാണ് ഈ മെഡൽ നേട്ടം. നിരാശ മാത്രം നൽകിയ പിറ്റിലെ ആദ്യ ദിനത്തില്‍ ടോക്കിയോയിലേതുപോലെ പാരീസിലും ഉന്നം പിഴക്കുമോ എന്ന ആശങ്ക ഇന്ത്യൻ കായിക ആരാധകര്‍ക്കുണ്ടായിരുന്നു. ആ ആശങ്കകളെ കൂടിയാണ് മനു ഭാകർ വെടിവെച്ചിട്ടത്. 15 ഇനങ്ങളിലായി മത്സരിക്കുന്ന ഇന്ത്യയുടെ 21 ഷൂട്ടർമാർക്കും ആത്മവിശ്വാസം ഏറെ നൽകുന്ന നേട്ടം.
2002 ൽ ഹരിയാനയിലെ ജജാർ ഗ്രാമത്തിലെ ഗോറിയ എന്ന ഗ്രാമത്തിലാണ് മനു ഭാകർ ജനിക്കുന്നത്. ബെയ്ജിങ്ങിൽ പത്ത് മീറ്റർ റൈഫിളിൽ അഭിനവ് ബിന്ദ്ര അപ്രതീക്ഷിത വെടിപൊട്ടിച്ചിട്ട് അന്ന് നാല് വർഷം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. സ്വാതന്ത്രാനന്തര കാലങ്ങൾക്ക് മുന്നെയും കുറച്ച് കാലങ്ങൾ പിന്നെയും ഹോക്കിയിൽ സുവർണ്ണ മെഡലുകളടക്കം നേടിയ പഴയ ചരിത്രത്തിനപ്പുറം ഇന്ത്യക്ക് ഉറ്റുനോക്കാൻ ആ ഒളിംപിക്‌സിലും ഒന്നുമില്ലായിരുന്ന കാലത്തായിരുന്നു ബിന്ദ്രയുടെ രാജ്യത്തിന് വേണ്ടിയുള്ള ആദ്യ വ്യക്തിഗത നേട്ടം. ആ വെടിയൊച്ചയിൽ ഉണർന്നോടിയ ഇന്ത്യൻ കായിക രംഗത്തിന്റെയും പ്രത്യേകിച്ച് ഷൂട്ടിങ് മേഖലയുടെ പ്രൊഡക്റ്റ് കൂടിയായിരുന്നു മനു ഭാകർ.
പതിനാല് വയസ്സുവരെ മണിപ്പൂരി ആയോധന കലയായ ഹ്യൂയെൻ, ലാംഗ്ലോൺ പോലെയുള്ളവയിലും ബോക്സിങ്ങിലും ടെന്നിസിലും സ്കേറ്റിങ്ങിലും കൈ നോക്കിയ ഭാകർ ഷൂട്ടിങ്ങിലേക്ക് മാറുന്നത് ബിന്ദ്രയുടെ മെഡൽ നേട്ടത്തിന്റെ കഥകൾ കേട്ടാണ്. 2017 ൽ 15 വയസ്സുള്ളപ്പോൾ ഏഷ്യ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി തുടക്കം. ആ വർഷം കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിൽ ഒമ്പത് സ്വർണ്ണ മെഡലുകൾ. രണ്ട് തവണ ലോക ചാമ്പ്യനായിരുന്ന പഞ്ചാബിന്റെ ഹീന സിന്ധുവിനെ അന്ന് അട്ടിമറിച്ച പതിനഞ്ച് വയസ്സുകാരി മെക്സിക്കോയിൽ തൊട്ടടുത്ത വർഷം നടന്ന ഇന്റർനാഷണൽ ഷൂട്ടിങ് സ്‌പോർട് ഫെഡറഷൻ വേൾഡ് കപ്പിൽ സ്വർണ്ണവും നേടി. ഈ നേട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി. അതേ ലോകകപ്പിൽ ഓം പ്രകാശുമായി ചേർന്ന് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡിലും സ്വർണ്ണം നേടി.
തൊട്ടടുത്ത വർഷം 2018 ൽ 10 മീറ്റർ എയർ പിസ്റ്റളിൽ ചരിത്രത്തിലെ റെക്കോർഡ് തിരുത്തി കുറിച്ച് കോമൺവെൽത്ത് സ്വർണ്ണ മെഡൽ നേടി. എന്നാൽ അതേ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക് മുന്നേറിയെങ്കിലും മെഡൽ പോരാട്ടത്തിൽ ആറാം സ്ഥാനത്തായി. പിന്നീട് മാസങ്ങൾക്ക് ശേഷം നടന്ന വേൾഡ് യൂത്ത് ഒളിംപിക്സിൽ സ്വർണ്ണം നേടി ചരിത്രത്തിൽ ഈ വേദിയിൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. 2019 ൽ ഇന്റർനാഷണൽ ഷൂട്ടിങ് സ്‌പോർട് ഫെഡറഷൻ വേൾഡ് കപ്പിൽ സ്വർണ്ണം നിലനിർത്തി. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായി 2020 ൽ ടോക്കിയോയിലെത്തിയ ഭാകറിന് ഫൈനലിൽ അവസാന നിമിഷം പിന്മാറേണ്ടി വന്നു.
ശേഷം 2021ൽ നടന്ന ഷൂട്ടിങ് വേൾഡ് കപ്പിൽ 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിൽ സ്വർണ്ണവും 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളിയും നേടി തിരിച്ചുവന്നു. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ചരിത്ര വേദിയിൽ വെടി പൊട്ടിച്ച് വെങ്കലമെഡൽ നേടി. ഒളിംപിക്‌സ് ഗെയിമുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം കുറിച്ച് പാരിസിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് സ്റ്റാർട്ടിങ് വിസിലിട്ടു മനു ഭാകർ.