പാരിസ്: ടേബിൾ ടെന്നിസിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന വെറ്ററൻ താരം ശരത് കമലിന് ആദ്യ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി. ഉദ്ഘാടന ചടങ്ങിൽ പിവി സിന്ധുവിനൊപ്പം ഇന്ത്യൻ പതാക വാഹകനായിരുന്ന നാൽപ്പത്തി രണ്ടുകാരൻ സ്ലോവേനിയയുടെ ഡെനി കോസുലിന് മുന്നിലാണ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. ആറ് സീറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോൽവി. 12-10 , 9-11, 6-11,7-11, 11-8 10-12 എന്നിങ്ങനെയാണ് വിവിധ സെറ്റുകളിലെ സ്കോർ. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ശരത് കമൽ ആദ്യ ഗെയിം പൊരുതി നേടിയെങ്കിലും പിന്നീട് തുടർച്ചയായി മൂന്നെണ്ണം കൈവിടുകയായിരുന്നു. അത് കഴിഞ്ഞ് ഒരു ഗെയിംകൂടി തിരിച്ചുപിടിച്ചെങ്കിലും നിർണായകമായ അവസാനത്തേതിൽ എതിരാളി കളി ജയിക്കുകയായിരുന്നു.
അതേ സമയം, 2018ലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ മനിക ബത്ര 4-1ന് ജയിച്ച് അടുത്ത റൗണ്ടിലെത്തി. ബ്രിട്ടീഷ് താരം അന്ന ഹേഴ്സിയെ 11-8 12-10 11-9 9-11 11-5നാണ് വീഴ്ത്തിയത്. ഫ്രാൻസിന്റെ പ്രിതിക പവാഡെയാകും അടുത്ത എതിരാളി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കുകാരിയായ ശ്രീജ അകുലയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സ്വീഡന്റെ ക്രിസ്റ്റീന കാൾബെർഗിനെ നേരിട്ടുള്ള സെറ്റുകളിലാണ് മറികടന്നത്. സ്കോർ 11-4, 11-9, 11-7, 11-8.