ബാഡ്മിന്റണ്‍ ഡബിള്‍സില്‍ പുതുചരിത്രം; ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍

സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നു

dot image

പാരിസ്: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരങ്ങളായ ലൂക്കാസ് കോര്‍വീ- റോനന്‍ ലാബര്‍ സഖ്യം ഇന്തോനേഷ്യയുടെ മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ- ഫജാര്‍ അല്‍ഫിയാന്‍ സഖ്യത്തോട് പരാജയം വഴങ്ങിയതോടെ ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

ഇതോടെ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ചരിത്രം കുറിക്കാനും സഖ്യത്തിന് സാധിച്ചു. ഇതോടെ ബാഡ്മിന്റണില്‍ ഒളിംപിക്‌സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ജോഡികളായി മാറിയിരിക്കുകയാണ് സാത്വിക്- ചിരാഗ് സഖ്യം.

ഇന്ന് നടക്കേണ്ടിയിരുന്ന മത്സരത്തില്‍ ജര്‍മ്മനിയുടെ മാര്‍ക്ക് ലാംസ്ഫസ്- മര്‍വിന്‍ സിഡെല്‍ സഖ്യത്തെയായിരുന്നു ഇന്ത്യന്‍ ജോഡികളുടെ എതിരാളികള്‍. എന്നാല്‍ ലാംസ്ഫസിന്റെ കാല്‍മുട്ടിന് പരിക്കേറ്റതോടെ ജര്‍മ്മന്‍ സഖ്യം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ മത്സരവും റദ്ദാക്കേണ്ടിവന്നു.

ആദ്യ മത്സരത്തില്‍ സാത്വിക്- ചിരാഗ് സഖ്യം അനായാസവിജയം സ്വന്തമാക്കിയിരുന്നു. ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വീ-റോനന്‍ ലാബര്‍ സഖ്യത്തെയായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17, 21-14.

dot image
To advertise here,contact us
dot image