ന്യൂഡല്ഹി: ഒളിംപിക്സില് ഇന്ത്യയുടെ മോശം പ്രകടനത്തെ കുറിച്ച് തുറന്നടിച്ച് ഫുട്ബോള് ഇതിഹാസവും മുന് നായകനുമായ സുനില് ഛേത്രി. 150 കോടിയോളം ജനസംഖ്യയുണ്ടായിട്ടും പ്രതിഭകളെ തിരിച്ചറിയുന്നതിലും കഴിവുകള് പരിപോഷിപ്പിക്കുന്നതിലും ഇന്ത്യ പരാജയപ്പെടുന്നുവെന്നാണ് ഛേത്രിയുടെ വിമര്ശനം. ഛേത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്.
'ഒരു പോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തിനിടെയാണ് ഒളിംപിക്സില് ഇന്ത്യ എന്തുകൊണ്ട് കാര്യമായ പ്രകടനം കാഴ്ച വെക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു ഛേത്രി. 150 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് ഒളിംപിക്സില് മെഡലുകള് നേടാന് കഴിയുന്നില്ലെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. കാരണം 150 കോടി വരുന്ന ജനങ്ങളില് നിന്ന് പ്രതിഭകളെ കണ്ടെത്താനും അവരുടെ കഴിവുകള് പരിപോഷിക്കാനും നമുക്ക് കഴിയുന്നില്ല. ഇതാണ് ഒളിംപിക്സില് ഇന്ത്യ ശോഭിക്കാത്തതിന് കാരണം. ഒളിംപിക്സില് മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചൈന, യുഎസ്,സ ജര്മ്മനി, ജപ്പാന്, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള് ഇന്ത്യയേക്കാള് ബഹുദൂരം മുന്നിലാണുള്ളത്', ഛേത്രി വ്യക്തമാക്കി.
Why India win less medals in Olympics: Sunil Chhetri pic.twitter.com/WF9PrmUFIs
— Gems of Shorts (@Warlock_Shabby) July 31, 2024
'നമ്മുടെ രാജ്യത്ത് കഴിവുള്ളവര് ഒട്ടും കുറവല്ല എന്നത് 100 ശതമാനം ശരിയാണെന്നും ഛേത്രി വൈറല് വീഡിയോയില് പറഞ്ഞു. ആന്ഡമാനിലുള്ള ഒരു കുട്ടി ഫുട്ബോളിലോ ജാവനില് ത്രോയിലോ ക്രിക്കറ്റിലോ കഴിവുണ്ടെന്ന് കരുതുക. അക്കാര്യം അവന് പോലും തിരിച്ചറിഞ്ഞു കാണില്ല. ആദ്യത്തെ കുറച്ച് പ്രകടനത്തിനുശേഷം അവന് ഏതെങ്കിലും കാള് സെന്ററില് ജോലി ചെയ്യുന്നുണ്ടാകും. പ്രതിഭകളെ ശരിയായ സമയത്തും ശരിയായ രീതിയിലും തിരിച്ചറിയുന്നതിലും വളര്ത്തുന്നതിലും ഇന്ത്യ ഒരുപാട് പിന്നിലാണ്. ഇത് പറഞ്ഞതിന് എന്നെ കൊന്നാലും പ്രശ്നമില്ല, ഇതാണ് യാഥാര്ത്ഥ്യം', ഛേത്രി കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ ഒളിംപിക്സില് ഏഴ് മെഡലുകള് നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച പ്രകടനം. ഇത്തവണത്തെ പാരിസ് ഒളിംപിക്സില് ഇതുവരെ ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള് മാത്രമാണ് സ്വന്തമാക്കാനായത്.