സ്വര്ണമെഡലിന് പിന്നാലെ ഡയമണ്ട് വിവാഹ മോതിരം, വെറൈറ്റിയായി ഈ 'ഒളിംപിക്സ് പ്രൊപ്പോസല്'

ഇതിന്റെ വീഡിയോ ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് വൈറലാണ്

dot image

പാരിസ്: പ്രണയത്തിന്റെ നഗരമെന്ന് അറിയപ്പെടുന്ന പാരിസില് വെച്ച് ഒരു വിവാഹാഭ്യര്ത്ഥന വളരെ സാധാരണമായ കാര്യമായിരിക്കും. എന്നാല് അത് ലോക കായിക മാമാങ്കത്തിന്റെ വേദിയായ ഒളിംപിക്സിനിടെ ആയാലോ? അത്തരത്തില് ഒരു വ്യത്യസ്തമായ പ്രൊപ്പോസല് നടന്നിരിക്കുകയാണ് പാരിസിലെ ലാ ചാപ്പെല് അരീനയില്. പാരിസ് ഒളിംപിക്സില് മെഡലണിഞ്ഞതിന് ശേഷമാണ് ചൈനയുടെ ബാഡ്മിന്റണ് താരമായ ഹുവാങ് യാ ക്വിയോങ്ങിനെ സഹതാരവും സുഹൃത്തുമായ ലിയു യുചെന് ജീവിതത്തിലേക്ക് ക്ഷണിച്ചത്.

വെള്ളിയാഴ്ച ബാഡ്മിന്റണ് മിക്സഡ് ഫൈനലില് ചൈനയുടെ ഹുവാങ് യാക്വിയോങ്-ഷെങ് സി വെ സഖ്യമാണ് സ്വര്ണം നേടിയത്. സമ്മാനദാനത്തിനുപിന്നാലെ കഴുത്തില് മെഡലണിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്. ഇരുവരും മെഡലണിഞ്ഞ് നിൽക്കവെ ചൈനയുടെ ഒളിംപിക് ടീമിലെ അംഗവും യാക്വിയോങ്ങിന്റെ ആണ്സുഹൃത്തുമായ ലിയു യുചെന് മുന്നോട്ടുവരികയായിരുന്നു. പിന്നീട് സംഭവിച്ചത് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു വിവാഹാഭ്യർത്ഥനയായിരുന്നു.

കൈയിലുണ്ടായിരുന്ന പൂച്ചെണ്ട് യാക്വിയോങ്ങിന് നല്കിയതിന് പിന്നാലെ യുചെന് മുട്ടുകുത്തിനിന്നു. തുടര്ന്ന് പോക്കറ്റില് നിന്ന് ഒരു ഡയമണ്ട് മോതിരമെടുത്ത് യാക്വിയോങ്ങിനുനേരെ നീട്ടി തന്നെ വിവാഹം കഴിക്കാന് സമ്മതമാണോയെന്ന് ചോദിച്ചു. ഇതോടെ ലാ ചാപ്പെല് അരീനയിലെ കാണികള് ആവേശഭരിതരായി. ഒട്ടും പ്രതീക്ഷിക്കാതിരുന്ന യാക്വിയോങ് വിതുമ്പിക്കൊണ്ട് കൈനീട്ടി സമ്മതമെന്ന് അറിയിച്ചു. ഇതോടെ നിറഞ്ഞ കരഘോഷത്തോടെ യുചെന് മോതിരം യാക്വിയോങ്ങിന്റെ വിരലിലണിയിച്ചു. പിന്നാലെ ഇരുവരും സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് വൈറലാണ്.

ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് യാക്വിയോങ് വികാരാധീനയായി പ്രതികരിച്ചത്. ഇങ്ങനെയൊരു വിവാഹാഭ്യര്ത്ഥന ലഭിച്ചതില് താന് അങ്ങേയറ്റം സന്തോഷവതിയാണെന്നും താരം പറഞ്ഞു. ഒളിംപിക്സില് മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനായി പരിശീലനമടക്കമുള്ള കാര്യങ്ങളില് മുഴുവന് ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. സ്വര്ണമെഡല് നേടിയതിന് പിന്നാലെ ഇങ്ങനെയൊരു നിമിഷം വളരെ സന്തോഷം നല്കുന്നുണ്ടെന്നും യാക്വിയോങ് പറഞ്ഞു.

dot image
To advertise here,contact us
dot image