പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയുടെ സെമി ഫൈനലിൽ ഇന്ത്യൻ താരം അമിത് രോഹിദാസിന് കളിക്കാൻ കഴിയില്ല. ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്നാണ് താരത്തിന് സെമിയിൽ നിന്നും വിലക്ക് നേരിട്ടിരിക്കുന്നത്. ചൊവ്വാഴ്ച ജർമ്മനിക്കെതിരെയാണ് പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ സെമി ഫൈനൽ മത്സരം.
അതിനിടെ ഒളിംപിക്സിലെ റഫറിയിംഗ് നിലവാരത്തിൽ ഹോക്കി ഇന്ത്യ ആശങ്ക അറിയിച്ചു. ക്വാർട്ടറിൽ ബ്രിട്ടന്റെ വിൽ കാൽനന്റെ മുഖത്ത് അമിതിന്റെ ഹോക്കി സ്റ്റിക് കൊണ്ടതിന് പിന്നാലെയാണ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. എന്നാൽ അമിത് മനഃപൂർവ്വമല്ല, പന്തുമായി മുന്നേറാനുള്ള ശ്രമത്തിനിടെ സംഭവിച്ചതാണ് ഇതെന്നുമാണ് ഹോക്കി ഇന്ത്യയുടെ വാദം. ഒപ്പം ബ്രിട്ടൺ ഗോൾ കീപ്പർ ഒലി പെയ്ൻ ഷൂട്ടൗട്ടിനിടെ വീഡിയോ ടാബ്ലെറ്റ് ഉപയോഗിച്ചതിലും ഹോക്കി ഇന്ത്യ ആശങ്ക അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഹോക്കിയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇന്ത്യൻ ടീം ചൂണ്ടിക്കാട്ടി.
പാരിസ് ഒളിംപിക്സ്; യുഎസ് താരം നോഹ ലൈൽസ് വേഗരാജാവ്Hockey India has issued statement about Amit Rohidas' red card as well as umpiring in India vs Great Britain match earlier today.#Hockey #Paris2024 pic.twitter.com/OHMKHM3VwB
— Khel Now (@KhelNow) August 4, 2024
ബ്രിട്ടനെതിരായ ക്വാർട്ടറിൽ ഷൂട്ടൗട്ട് വരെ നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യൻ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. അമിത് രോഹിദാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 40 മിനിറ്റിലധികം ഇന്ത്യൻ സംഘം 10 താരങ്ങളുമായാണ് കളിച്ചത്. മലയാളി താരം പി ആർ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി.