പാരിസ്: ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും മെഡൽ നേടിയത് അമേരിക്കയുടെ നീന്തൽ താരം മൈക്കൽ ഫെല്പ്സാണ്. തുടർച്ചയായ അഞ്ച് ഒളിംപിക്സുകളിൽ 23 സ്വര്ണമുള്പ്പെടെ 28 മെഡല് നേടിയ 'മനുഷ്യ മീനെന്ന്' വിശേഷിപ്പിക്കപ്പെട്ട ഫെല്പ്സിന് പറ്റിയ പകരക്കാരനാവാൻ ഒരുങ്ങുകയാണ് ഫ്രാൻസിന്റെ ലിയോ മർഷം എന്ന ഇരുപത്തിരണ്ടുകാരൻ. തന്റെ ആദ്യ ഒളിംപിക്സിൽ നാലുസ്വർണവും നാല് ഒളിംപിക് റെക്കോർഡുകളുമാണ് താരം നേടിയത്. ഒരു മത്സരം കൂടി താരത്തിന് ബാക്കി നിൽക്കെ സ്വർണ്ണത്തിന്റെ എണ്ണവും റെക്കോർഡിന്റെ എണ്ണവും കൂടാനും സാധ്യതയുണ്ട്.
പാരിസ് ഒളിംപിക്സിൽ പുരുഷന്മാരുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബട്ടർഫ്ളൈ, 200 മീറ്റർ വ്യക്തിഗത മെഡ്ലെ, 400 മീറ്റർ വ്യക്തിഗ മെഡ്ലെ എന്നിവയിലാണ് സ്വർണവും ഒളിംപിക് റെക്കോർഡുകളും നേടിയത്. അതിൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ലോകറെക്കോർഡിന് തൊട്ടടുത്തുമെത്തി. ഇനി 4100 മെഡ്ലെ റിലെ മത്സരംകൂടി ബാക്കിയുണ്ട്. ഇതിൽ രണ്ടുമണിക്കൂറിന്റെ ഇടവേളയിലാണ് രണ്ടു സ്വർണമെഡലുകൾ വന്നത്. നീന്തലിൽ ഒരു ഒളിംപിക്സിൽ നാലു സ്വർണം നേടുന്ന നാലാമത്തെ നീന്തൽത്താരമാണ് ലിയോ മർഷം. മൈക്കിൾ ഫെൽപ്സ്, മാർക് സ്പിറ്റ്സ്, ക്രിസ്റ്റൻ ഓട്ടോ എന്നിവരാണ് ഇതിനുമുന്നേ ഈ നേട്ടം കൈവരിച്ചവർ. ഫെൽപ്സിന്റെ മെന്ററും കോച്ചുമായിരുന്ന ബോബ് ബൗമാൻ ആണ് മർഷമിന്റെ കോച്ച്.
ഗംഭീര തിരിച്ചുവരവ് നടത്തി ഗുസ്തി താരം നിഷ ദഹിയ; ഇനി ക്വാർട്ടര് ഫൈനല്