പാരിസ്: തുടർച്ചയായ ഒളിംപിക്സിലും സ്വർണ്ണം നേടി ഡെൻമാർക്ക് സൂപ്പർ താരം വിക്ടർ ആക്സൽസെൻ. ഫൈനലിൽ തായ്ലാൻഡിന്റെ വിറ്റിസാർനെയെയാണ് ആക്സൽസെൻ തോൽപ്പിച്ചത്. 21-11,21-11 എന്നിങ്ങനെ ഏകപക്ഷീയമായ സെറ്റ് വിജയമാണ് താരം നേടിയത്. 2016 റിയോ ഒളിംപിക്സിൽ വെങ്കലം നേടിയ താരം കഴിഞ്ഞ തവണ ടോക്കിയോയിലും ഇപ്പോൾ പാരിസിലും സ്വർണ്ണം നേടി. 2008 ബീജിങ് ഒളിംപിക്സിലും 2012 ലണ്ടൻ ഒളിംപിക്സിലും സ്വർണ്ണം നേടിയ ചെനീസ് താരം ലിൻ ഡാന് ശേഷം പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ സ്വർണ്ണം നിലനിർത്തുന്ന ആദ്യ താരമാണ് ആക്സൽസെൻ.
ഇന്നലെ നടന്ന സെമിഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയാണ് ആക്സൽസെൻ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. അതേ സമയം പുരുഷ ബാഡ്മിന്റണ് സിംഗിള്സ് വെങ്കല പോരാട്ടത്തിൽ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് മലേഷ്യൻ താരം വെങ്കല മെഡൽ സ്വന്തമാക്കിയത്. ആദ്യ സെറ്റ് 21-13 എന്ന മികച്ച ലീഡിൽ സ്വന്തമാക്കിയ ഇന്ത്യൻ താരത്തിന് തുടർന്നുള്ള രണ്ട് സെറ്റുകൾ 16-21,11 -21 എന്നീ സ്കോറുകളിൽ നഷ്ടമായി. മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യൻ താരത്തിന് വിനയായത്.