പാരിസ്: പത്ത് മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഇനത്തില് വെള്ളി മെഡല് സ്വന്തമാക്കിയ തുര്ക്കി ഷൂട്ടറാണ് ഇപ്പോള് സാമൂഹിക മാധ്യമങ്ങളിലെ താരം. 51കാരനായ യൂസുഫ് ദികെകാണ് തരംഗമായത്. മത്സരിക്കാനെത്തിയവരെല്ലാം പ്രത്യേക ഹെഡ് ഫോണും ഗ്ലാസും ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി സാധാരണ പോലെ ഒരു ടീഷര്ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു ദികേകിന്റെ വേഷം. ഒപ്പം മത്സരിച്ച വനിതാ താരം സെവ്വര് ഇലയ്ഡയാകട്ടെ ഹെഡ് സെറ്റും പ്രത്യേക കണ്ണടയുമെല്ലാം ധരിച്ചാണ് മത്സരിച്ചത്.
മത്സരത്തില് തന്റെ ആദ്യ മെഡലും സ്വന്തമാക്കിയാണ് താരം മടങ്ങിയത്. കരിയറിലെ അഞ്ചാം ഒളിംപിക്സിലാണ് താരം മത്സരിച്ചത്. 2008ല് ബെയ്ജിങിലായിരുന്നു ഒളിംപിക്സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിംപിക്സ് മെഡല് കൂടിയാണ് ദികെക് ഇത്തവണ നേടിയത്.
ഇപ്പോഴിതാ എക്സില് എലോണ് മസ്കിനോട് യൂസുഫ് ചോദിച്ച ചോദ്യങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. 'ഹായ് എലോണ്, ഭാവിയില് റോബര്ട്ടുകള് പോക്കറ്റിൽ കൈയ്യിട്ട് ഒളിമ്പിക്സില് മെഡലുകള് നേടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സാംസ്കാരിക തലസ്ഥാനമായ ഇസ്താംബൂളില് ഇത് ചർച്ച ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം, അത് ഭൂഖണ്ഡങ്ങളെ ഒന്നിപ്പിക്കുന്നുണ്ടോ? എന്നായിരുന്നു ദികെക് എക്സ് പ്ലാറ്റ്ഫോമില് കുറിച്ചത്. ഓരോ തവണയും റോബോട്ടുകള് ബുള്സെയുടെ മധ്യഭാഗത്ത് ഇടിക്കുമെന്നായിരുന്നു മസ്കിൻ്റെ ഇതിനോടുള്ള പ്രതികരണം. ഈസ്താംബൂള് സന്ദര്ശിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും അത് ലോകത്തെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നാണെന്നും മസ്ക് കൂട്ടിച്ചേര്ത്തു. ഈ ചോദ്യോത്തരങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുന്നത്.