വിനേഷ്, നീയാണ് ഞങ്ങളുടെ ചാമ്പ്യന്, പോരാടുന്ന അതിമാനുഷിക: പി വി സിന്ധു

വിനേഷ് പ്രചോദനമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും സിന്ധു എക്സിലൂടെ അറിയിച്ചു

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയില് ഇന്ത്യന് താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില് പ്രതികരണവുമായി വനിതാ ബാഡ്മിന്റണ് താരം പിവി സിന്ധു. വിനേഷ് സ്വര്ണമെഡല് നേടുമെന്ന് താന് ആഗ്രഹിച്ചിരുന്നുവെന്ന് സിന്ധു പറഞ്ഞു. വിനേഷ് എല്ലാവർക്കും പ്രചോദനമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും സിന്ധു എക്സിലൂടെ അറിയിച്ചു.

'പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണില് നിങ്ങളാണ് എപ്പോഴും ചാമ്പ്യന്. നിങ്ങള്ക്ക് ഉറപ്പായും സ്വര്ണമെഡല് നേടാനാവുമെന്ന് ഞാന് അഗാധമായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മെച്ചപ്പെടുന്നതിനായി എപ്പോഴും പോരാടുന്ന ഒരു അതിമാനുഷികയായ വനിതയെയാണ് ഞാന് നിങ്ങളില് കണ്ടത്. അത് വളരെ പ്രചോദനകരമാണ്. എപ്പോഴും നിങ്ങള്ക്കൊപ്പമുണ്ട്. എല്ലാ നന്മകളും നേരുന്നു', പിവി സിന്ധു ട്വിറ്ററില് കുറിച്ചു.

പാരിസ് ഒളിംപിക്സിൽ ഇന്ന് ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചിരിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും.

പാരിസ് ഒളിംപിക്സിൽ പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.

dot image
To advertise here,contact us
dot image