ന്യൂഡല്ഹി: ഇന്ത്യന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില് സപ്പോര്ട്ടിങ് സ്റ്റാഫുകള്ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ). ഒളിംപിക്സിലെ കലാശപ്പോരിന് മണിക്കൂറുകള് മാത്രം മുന്പാണ് ഭാരപരിശോധനയില് പരാജയപ്പെട്ടാണ് വിനേഷ് അയോഗ്യയാക്കപ്പെടുന്നത്. ഇത് വിനേഷിന്റെ പിഴവല്ലെന്നും സപ്പോര്ട്ടിങ് സ്റ്റാഫുകള്ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നും ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സഞ്ജയ് സിങ് പറഞ്ഞു.
'ഇത് ഒരിക്കലും വിനേഷിന്റെ തെറ്റല്ല. അവര് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിന്റെ പൂര്ണമായ ഉത്തരവാദിത്തം പരിശീലകര്, സപ്പോര്ട്ടിങ് സ്റ്റാഫുകള്, ഫിസിയോകള്, ന്യൂട്രീഷനിസ്റ്റ് എന്നിവര്ക്കാണ്. ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന് ഇവരെല്ലാം താരത്തെ എപ്പോഴും ശ്രദ്ധിക്കേണ്ടതായിരുന്നു. വിനേഷിന്റെ ഭാരം എങ്ങനെ കൂടിയെന്ന് പരിശോധിക്കണം. ഉത്തരവാദികളായ എല്ലാവര്ക്കുമെതിരെ നടപടിയെടുക്കണമെന്ന് സര്ക്കാരിനോട് ഞാന് അഭ്യര്ത്ഥിക്കുന്നു', സഞ്ജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
വിനേഷ് അവസാന സ്ഥാനക്കാരി, ഫൈനലില് ക്യൂബന് താരം മത്സരിക്കും; സ്ഥിരീകരിച്ച് ഒളിംപിക് കമ്മിറ്റിപാരിസ് ഒളിംപിക്സിൽ ഇന്ന് ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന് താരത്തിന് അയോഗ്യത ലഭിക്കുന്നത്. ഇന്ന് നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ താരത്തെ മെഡല് പട്ടികയില് അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും. സെമിഫൈനലില് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയ ക്യൂബന് താരം യുസ്നെലിസ് ലോപ്പസ് ഫൈനലില് മത്സരിക്കും. അന്താരാഷ്ട്ര ഗുസ്തി നിയമത്തിലെ ആര്ട്ടിക്കിള് 11 അനുസരിച്ചാണ് യുസ്നെലിസ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്ന് ഐഒസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ സാറ ഹില്ഡെബ്രാന്ഡിനെയാണ് യുസ്നെലിസ് ഒളിംപിക്സ് ഫൈനലില് നേരിടുക. വിനേഷ് ഫോഗട്ട് ക്വാര്ട്ടറില് തോല്പ്പിച്ച യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ വെങ്കല മെഡല് പോരാട്ടത്തിലേക്കും തിരഞ്ഞെടുത്തു.