പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനു ഭാകറിനൊപ്പംമലയാളി താരം ശ്രീജേഷും

ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്

dot image

പാരിസ്: സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനുഭാകറിനൊപ്പം മലയാളിയും ഹോക്കിയിൽ വെങ്കലം നേടിയ ടീമിന്റെ ഗോൾകീപ്പറുമായ പി ആർ ശ്രീജേഷും. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘രണ്ട് പതിറ്റാണ്ടിലേറെയായി ശ്രീജേഷ് ഇന്ത്യൻ ഹോക്കിക്കും കായിക മേഖലക്കാകെയും പ്രശംസനീയമായ സേവനം നൽകിയിട്ടുണ്ട്. നീരജ് ചോപ്രയുമായും അസോസിയേഷൻ സംസാരിച്ചു, സമാപന ചടങ്ങിൽ ശ്രീജേഷ് പതാകയേന്തുന്നതിൽ നീരജിനും സമ്മതമായിരുന്നു'. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

ഹോക്കി ടീമിന്റെ സെമിയിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ചയാളായിരുന്നു ശ്രീജേഷ്. പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലം ലഭിച്ചപ്പോഴും ഗോൾവലയിൽ ശ്രീജേഷ് മികച്ച പ്രകടനം നടത്തിയിരുന്നു. പാരിസിൽ ക്വാർട്ടറിൽ ബ്രിട്ടനെതിരായ ഷൂട്ടൗട്ടിൽ രക്ഷകനായതും ശ്രീജേഷായിരുന്നു. സെമിയിൽ ജർമനിയോട് തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പെയിനിനെ വീഴ്ത്തിയതോടെ താരം മെഡൽ തിളക്കവുമായി അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചതിന് പിന്നാലെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക വേഷത്തിലാകും ശ്രീജേഷ് എത്തുക.

സമാപന ചടങ്ങിൽ വനിതകളിലെ പതാകവാഹകയായി മനുഭാകറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കായി ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചിരുന്നു മനു ഭാകർ. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിങ്ങിനൊപ്പവുമാണ് മനു ഭാകർ വെങ്കലം നേടിയത്.

പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും; സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ
dot image
To advertise here,contact us
dot image