പാരിസ്: ഭാരപരിശോധനയില് പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യന് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് ജപ്പാന് ഗുസ്തി താരം റീ ഹിഗുച്ചി. കലാശപ്പോരിന് നിമിഷങ്ങള്ക്കുമുന്പ് ഭാരപരിശോധനയില് പരാജയപ്പെട്ടാണ് വിനേഷിനെ അയോഗ്യയാക്കി പ്രഖ്യാപിക്കുന്നത്. തുടർന്ന് ഇന്ത്യന് താരം വിരമിക്കല് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാരിസിലെ പുരുഷ ഗുസ്തിയിലെ സ്വര്ണമെഡല് ജേതാവായ റീ ഹിഗുച്ചി വിനേഷിനെ ചേര്ത്തുപിടിച്ച് രംഗത്തെത്തിയത്.
'നിന്റെ വേദന മറ്റാരെക്കാളും എനിക്ക് മനസ്സിലാകും. അന്ന് 50 ഗ്രാമിനായിരുന്നു ഞാന് അയോഗ്യനാക്കപ്പെട്ടത്. നിനക്കുചുറ്റും നടക്കുന്ന ബഹളങ്ങള് കാര്യമാക്കേണ്ടതില്ല. ജീവിതം മുന്നോട്ടുപോകും. തോല്വികളില് നിന്നുള്ള തിരിച്ചുവരവിനേക്കാള് മനോഹരമായി ഒന്നുമില്ല. ഇപ്പോള് നന്നായി വിശ്രമിക്കൂ', ഹിഗുച്ചി എക്സില് കുറിച്ചു. വിനേഷ് ഫോഗട്ടിന്റെ വിരമിക്കല് പോസ്റ്റ് റീഷെയർ ചെയ്തായിരുന്നു ജപ്പാന് താരത്തിന്റെ പ്രതികരണം.
I understand your pain the best.
— Rei Higuchi (@Reihiguchi0128) August 9, 2024
same 50g.
Don't worry about the voices around you.
Life goes on.
Rising from setbacks is the most beautiful thing.
Take a good rest. https://t.co/KxtTMw4vhL
ടോക്കിയോ ഒളിംപിക്സില് ഭാരപരിശോധനയില് പരാജയപ്പെട്ടതിനെ തുടര്ന്ന് റീ ഹിഗുച്ചിയെയും അയോഗ്യനാക്കിയിരുന്നു. പുരുഷവിഭാഗം 50 കിലോഗ്രാം ഗുസ്തിയില് പങ്കെടുക്കവേയാണ് 50 ഗ്രാം ഭാരക്കൂടുതല് കാരണം ജപ്പാന് താരത്തെ അയോഗ്യനായി പ്രഖ്യാപിച്ചത്. എന്നാല് ഹിഗുച്ചി കരുത്തോടെ തിരിച്ചെത്തുകയും പാരിസില് പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല് ഗുസ്തിയില് സ്വര്ണമെഡല് കരസ്ഥമാക്കുകയും ചെയ്തു.