സച്ചിന് ശേഷം കോഹ്ലി വന്നതുപോലെ എനിക്ക് ശേഷവും ഒരാള് വരും: പി ആര് ശ്രീജേഷ്

പാരിസ് ഒളിംപിക്സിലെ വെങ്കലമെഡല് നേട്ടത്തിനുപിന്നാലെ ഹോക്കിയില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീജേഷ്

dot image

പാരിസ്: ക്രിക്കറ്റില് സച്ചിന് ടെണ്ടുല്ക്കറിന് ശേഷം വിരാട് കോഹ്ലി വന്നതുപോലെ തനിക്ക് ശേഷവും ഒരാള് ഉറപ്പായും വരുമെന്ന് ഇന്ത്യന് ഹോക്കിയുടെ ഇതിഹാസ ഗോള്കീപ്പര് പി ആര് ശ്രീജേഷ്. ഇന്ത്യയ്ക്കായി ഏകദേശം രണ്ട് പതിറ്റാണ്ടോളം വല കാത്ത മലയാളി താരമായ ശ്രീജേഷ് പാരിസ് ഒളിംപിക്സിലെ വെങ്കലമെഡല് നേട്ടത്തിനുപിന്നാലെ ഹോക്കിയില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീജേഷിന് പകരം ഇന്ത്യന് ഹോക്കിയുടെ ഗോള്വല കാക്കാന് ആരെന്ന ചോദ്യം ഇതിനോടകം തന്നെ ഉയര്ന്നുകഴിഞ്ഞു. ഇതിന് മറുപടിയായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'അത്തരമൊരു വിടവ് എപ്പോഴും ഉണ്ടായിരിക്കില്ല. എന്റെ സ്ഥാനത്തേക്ക് മറ്റാരെങ്കിലും ഉറപ്പായും എത്തും. എല്ലാ കായിക ഇനങ്ങളിലും അങ്ങനെ ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റില് നമുക്ക് സച്ചിന് ശേഷം വിരാട് കോഹ്ലി എത്തി. ഇനി അദ്ദേഹത്തിന് ശേഷവും മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരും. അതുകൊണ്ട് ശ്രീജേഷ് ഇന്നലെ ഉണ്ടായിരുന്നു. ആ സ്ഥാനത്തേക്ക് നാളെ മറ്റാരെങ്കിലും വരും', പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില് ശ്രീജേഷ് പറഞ്ഞു.

'എടാ മോനെ'; ഈഫല് ടവറിന് മുന്നില് മുണ്ടുടുത്ത് മാസ്സായി ശ്രീജേഷ്, കൈയ്യില് ആ വെങ്കലമെഡല്

പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വെങ്കലത്തിളക്കത്തോടെയാണ് ശ്രീജേഷ് പടിയിറങ്ങുന്നത്. വെങ്കലമെഡല് പോരാട്ടത്തിലും ഇന്ത്യയുടെ വന്മതിലായ ശ്രീജേഷ് നിര്ണായക സേവുകളുമായി കളംനിറഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോള്കീപ്പറുകളില് ഒരാളാണ് ശ്രീജേഷ്. നിരവധി റെക്കോര്ഡുകളുമായി മലയാളികള്ക്കും അഭിമാനമായിരിക്കുകയാണ് ശ്രീജേഷ്. ഒളിംപിക്സില് തുടര്ച്ചയായ രണ്ടാം വെങ്കലമെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലും ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കലം നേടി മെഡല് വരള്ച്ചയ്ക്ക് വിരാമമിട്ടത്. ഇതോടെ രണ്ട് ഒളിംപിക്സ് മെഡല് കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്ഡും ശ്രീജേഷ് സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image