ലണ്ടന്: 2024-25 സീസണിലെ ആദ്യ കിരീടം ചൂടി മാഞ്ചസ്റ്റര് സിറ്റി. കമ്മ്യൂണിറ്റി ഷീല്ഡ് ഫൈനലില് മാഞ്ചസ്റ്റര് യുണൈറ്റഡിനെ പെനാല്റ്റി ഷൂട്ടൗട്ടില് കീഴടക്കിയാണ് സിറ്റി ജേതാക്കളായത്. സഡന് ഡത്തിലേക്ക് നീണ്ട ഷൂട്ടൗട്ടില് 7-6നാണ് സിറ്റി വിജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള് വീതമടിച്ച് സമനിലയില് പിരിഞ്ഞു.
സൂപ്പര് താരങ്ങളെ അണിനിരത്തിക്കൊണ്ട് മൈതാനത്തിറങ്ങിയെങ്കിലും ആദ്യ പകുതിയില് ഇരുടീമുകള്ക്കും ഗോള് നേടാന് സാധിച്ചില്ല. രണ്ടാം പകുതിയുടെ അവസാനമാണ് മത്സരത്തിന്റെ ഗോളുകള് പിറന്നത്. 82-ാം മിനിറ്റില് യുണൈറ്റഡിനായി അര്ജന്റൈന് യുവതാരം അലജാന്ഡ്രോ ഗര്ണാച്ചോ വലകുലുക്കി. വലത് വിങ്ങിൽ നിന്ന് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് മുന്നേറിയാണ് താരം വലകുലുക്കിയത്.
യുണൈറ്റഡ് വിജയമുറപ്പിച്ചിരിക്കേയാണ് സിറ്റിയുടെ സമനിലഗോള് പിറന്നത്. 89-ാം മിനിറ്റില് ബെര്ണാഡോ സില്വയാണ് ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്ത് പിന്നീട് ഗോളുകളൊന്നും പിറന്നില്ല. അതോടെ മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില് സിറ്റിക്കായി ആദ്യ കിക്കെടുത്ത ബെര്ണാഡോ സില്വക്ക് പിഴച്ചു. യുണൈറ്റഡിന്റെ നാലാം കിക്കെടുത്ത ജേഡന് സാഞ്ചോയ്ക്കും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. സഡന്ഡത്തില് യുണൈറ്റഡിന്റെ ജോണി ഇവാന്സിന്റെ കിക്ക് പുറത്തേക്ക് പോയതോടെ സിറ്റി ജേതാക്കളായി.
ഹാട്രിക്കുമായി നോഹ സദൗയി; ഏഴഴകില് കേരള ബ്ലാസ്റ്റേഴ്സ്, ഡ്യുറന്റ് കപ്പില് രണ്ടാം വിജയം