എന്നെ ഭയപ്പെടുത്തുന്നത് അതാണ്, വിധി മറിച്ചായാല് വിനേഷിനെ മറക്കരുത്: നീരജ് ചോപ്ര

ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നേരത്തെ കായിക തര്ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു

dot image

ന്യൂഡല്ഹി: ഇന്ത്യന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡല് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജാവലിന് ത്രോയില് വെള്ളി മെഡല് നേടിയ നീരജ് ചോപ്ര. ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ലോക കായിക കോടതിയില് നല്കിയ വിധി ചൊവ്വാഴ്ച വരാനിരിക്കേയാണ് നീരജിന്റെ പ്രതികരണം. മെഡല് ലഭിച്ചില്ലെങ്കിലും വിനേഷ് ഫോഗട്ട് രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള് മറക്കരുതെന്നും നീരജ് പറഞ്ഞു.

'വിനേഷ് ഫോഗട്ടിന് മെഡല് ലഭിച്ചാല് വളരെ സന്തോഷം. ഇങ്ങനെയൊന്നും സംഭവിച്ചിരുന്നില്ലെങ്കില് അവരുടെ കഴുത്തില് ഇപ്പോള് മെഡല് ഉണ്ടാവുമായിരുന്നു. അവര്ക്ക് മെഡല് ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. കാരണം ആ മെഡല് കഴുത്തില് അണിഞ്ഞില്ലെങ്കില് അത് അവരുടെ ഹൃദയത്തില് മാത്രമായി തങ്ങിനില്ക്കും', നീരജ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.

'വിനേഷ് ഒരു ചാമ്പ്യനാണെന്ന് ഇന്ന് എല്ലാവരും പറഞ്ഞേക്കാം. ഒരുപക്ഷേ മെഡല് ലഭിച്ചില്ലെങ്കില് കാലങ്ങള്ക്കിപ്പുറം ജനങ്ങള് അവരെ മറന്നുപോയേക്കാമെന്ന് എനിക്ക് തോന്നുന്നു. എനിക്ക് അക്കാര്യത്തില് മാത്രമാണ് ഭയം. മെഡല് നേടിയാലും ഇല്ലെങ്കിലും അവര് രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള് മറക്കില്ലെന്ന് കരുതുന്നു', നീരജ് ചോപ്ര കൂട്ടിച്ചേര്ത്തു.

ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നേരത്തെ കായിക തര്ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല് നല്കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചത്. അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി പറയുന്നത് 13ലേക്കു മാറ്റിയിരിക്കുകയാണ്.

ഒളിംപിക്സ് തീരുന്നതിന് മുൻപായി വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. ഇന്നലെ രാത്രി 09.30 യോടെ വിധിയുണ്ടാവുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ കോടതി സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റ് ആവശ്യം കോടതി അംഗീകരിച്ചതോടെ വിധി പറയുന്നത് നീട്ടുകയായിരുന്നു.

പാരിസ് ഒളിംപിക്സിൽ ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഫൈനൽ തലേന്ന് നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപനവും നടത്തി.

dot image
To advertise here,contact us
dot image