പാരിസ്: പാരിസ് ഒളിംപിക്സ് മെഡല് പട്ടികയില് ചൈനയെ പിന്നിലാക്കി അമേരിക്ക ഒന്നാം സ്ഥാനത്ത്. 16 വര്ഷങ്ങള്ക്ക് ശേഷം ഒളിംപിക്സ് സ്വര്ണനേട്ടത്തില് അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയ ചൈനയുടെ ആഹ്ളാദത്തിനും ആവേശത്തിനും അല്പ്പനേരം മാത്രമായിരുന്നു ആയുസ്സ്. അവസാന മത്സരത്തില് സ്വര്ണം നേടിയതോടെ അമേരിക്ക മെഡല് വേട്ടയില് ഒന്നാമതെത്തി.
പാരിസില് അമേരിക്കയുടെ അവസാന ഇനമായ ബാസ്ക്കറ്റ് ബോളില് ഫ്രാന്സിനെ തോല്പ്പിച്ചാണ് അമേരിക്ക സ്വര്ണം നേടിയത്. തുടര്ച്ചയായി എട്ടാം തവണയാണ് അമേരിക്ക ബാസ്ക്കറ്റ് ബോളില് സ്വര്ണം നേടുന്നത്. ഇതോടെ 40 സ്വര്ണമടക്കം അമേരിക്കയുടെ മെഡല് സമ്പാദ്യം 126 ആയി. 40 സ്വര്ണമടക്കം 91 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ് ചൈന.
40 സ്വര്ണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളുമായാണ് അമേരിക്ക മുന്നിലെത്തിയത്. ഇതോടെ മെഡല് നേട്ടം 100 കടത്തിയ ഏകരാജ്യമായി അമേരിക്ക മാറി. 40 സ്വര്ണവും 27 വെള്ളിയും 24 വെങ്കലവുമാണ് ചൈനയുടെ സമ്പാദ്യം.
ഒരു വെള്ളി, അഞ്ച് വെങ്കലം;പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു20 സ്വര്ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 45 മെഡലുകള് സ്വന്തമാക്കിയ ജപ്പാനാണ് പട്ടികയില് മൂന്നാമത്. 18 സ്വര്ണമടക്കം 53 മെഡലുകള് കരസ്ഥമാക്കിയ ഓസ്ട്രേലിയ നാലാമതും 16 സ്വര്ണമടക്കം 63 മെഡലുകള് നേടിയ ഫ്രാന്സ് നാലാം സ്ഥാനത്തുമുണ്ട്.
ആറ് മെഡലുകളുമായി 71-ാം സ്ഥാനത്തായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് പാരിസില് ഇന്ത്യയുടെ സമ്പാദ്യം. ഒരു സ്വര്ണം മാത്രം നേടിയ പാകിസ്താന് 62-ാമതായാണ് ഫിനിഷ് ചെയ്തത്. ഏറ്റവും കൂടുതല് സ്വര്ണം നേടുന്ന രാജ്യങ്ങള്ക്കാണ് ഒളിംപിക് റാങ്കിങ്ങില് മുന്ഗണന നല്കുന്നത്.