പാരിസ്: 2024 പാരിസ് ഒളിംപിക്സിന് പര്യവസാനം. സെന് നദിക്ക് അഭിമുഖമായുള്ള സ്റ്റാഡ് ദ ഫ്രാന്സ് സ്റ്റേഡിയത്തില് വര്ണാഭവും താരനിബിഡവുമായ ചടങ്ങുകള്ക്കൊടുവില് ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. നാല് വര്ഷങ്ങള്ക്കുശേഷം ലോസ് ആഞ്ജലിസില് കണ്ടുമുട്ടാമെന്ന് പറഞ്ഞ് കായികലോകം പാരിസിനോട് വിടചൊല്ലി.
ഇന്ത്യന് സമയം പുലര്ച്ചെ 12.30ഓടെയായിരുന്നു സമാപന ചടങ്ങ് ആരംഭിച്ചത്. ലോകത്തിലെ തന്നെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ സ്റ്റാഡ് ദ ഫ്രാന്സില് ചടങ്ങ് മണിക്കൂറുകളോളം നീണ്ടുനിന്നു. ബില്ലി എല്ലിഷ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, സ്നൂപ് ഡോഗ് തുടങ്ങിയവരുടെ പ്രകടനം വര്ണാഭമായ സമാപനനിശയുടെ മാറ്റുകൂട്ടി. സമാപന മാര്ച്ച് പാസ്റ്റില് ഇതിഹാസ ഹോക്കി താരം പി ആര് ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന് പതാകയേന്തി.
സമാപന ചടങ്ങിന് ശേഷം ലോസ് ആഞ്ജലിസ് മേയര് കരന് ബാസ് പാരിസ് മേയര് ആന് ഹിഡാല്ഗോയില് നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. നാല് വര്ഷത്തിനപ്പുറം യുഎസിലെ ലോസ് ആഞ്ജലിസ് 34-ാം ഒളിംപിക്സിന് വേദിയാവും.
40 സ്വര്ണമടക്കം 126 മെഡലുകള് നേടി ഒന്നാമതെത്തിയാണ് അമേരിക്ക പാരിസ് വിടുന്നത്. തുടര്ച്ചയായ നാലാം തവണയാണ് അമേരിക്ക ഒളിംപിക്സ് ചാമ്പ്യന്മാരാവുന്നത്. സ്വര്ണത്തിന്റെ കാര്യത്തില് ഒപ്പത്തിനൊപ്പമാണെങ്കിലും ആകെ 91 മെഡലുകള് നേടിയ ചൈന രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അവസാനനിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അമേരിക്ക മെഡല്പട്ടികയില് ചൈനയെ മറികടന്നത്.
ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകള് നേടി 71-ാം സ്ഥാനക്കാരായാണ് ഇന്ത്യ പാരിസില് നിന്ന് മടങ്ങുന്നത്. ഏഴ് മെഡലുകളെന്ന ടോക്കിയോയിലെ സര്വകാല റെക്കോര്ഡിനൊപ്പം എത്താന് പാരിസില് ഇന്ത്യയ്ക്കായില്ല.
നീരജ് ചോപ്ര ഇത്തവണയും നിരാശപ്പെടുത്തിയില്ല. ടോക്കിയോക്ക് പിന്നാലെ പാരിസിലും ജാവലിന് ത്രോയില് നീരജ് മെഡല് നേട്ടം ആവര്ത്തിച്ചു. എന്നാല് കഴിഞ്ഞ തവണത്തെ സ്വര്ണ്ണ നേട്ടം ഇത്തവണ വെള്ളിയിലൊതുങ്ങിയതുമാത്രമാണ് നിരാശയായത്.
ഷൂട്ടിങ് റേഞ്ചിലായിരുന്നു ഇന്ത്യയുടെ മിന്നും പ്രകടനം. ഷൂട്ടിങ്ങില് മാത്രം ആകെ മൂന്ന് മെഡലുകള് ഇന്ത്യയ്ക്ക് നേടാന് കഴിഞ്ഞു. മനു ഭാക്കര് ഇരട്ടവെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി. 10 മീറ്റര് എയര് പിസ്റ്റള് വ്യക്തിഗത വിഭാഗത്തിലും സരബ് ജ്യോത് സിംഗിനൊപ്പം മിക്സഡ് വിഭാഗത്തിലുമാണ് മനുവിന്റെ വെങ്കലനേട്ടം. സ്വപ്നില് കുസാലെയിലൂടെ ഷൂട്ടിങ് റേഞ്ചില് ഇന്ത്യയുടെ മൂന്നാം മെഡല്. ഹോക്കി ടീം ടോക്കിയോ ഒളിംപിക്സിലെ വെങ്കലമെഡല് പാരിസിലും നിലനിര്ത്തി.
ഹോക്കി ടീം ഗോള്കീപ്പറും മലയാളിയുമായ പി ആര് ശ്രീജേഷിന് വെങ്കലനേട്ടത്തോടെ വിരമിക്കാനായി. ഗുസ്തിയില് അമന് സെഹ്റാവത്ത് വെങ്കലം നേടിയെടുത്തപ്പോള് വിനേഷ് ഫോഗട്ട് ഇന്ത്യയുടെ കണ്ണീരായി മാറി. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത നീക്കി വെള്ളി മെഡല് അനുവദിച്ചാല് ഇന്ത്യയ്ക്ക് സര്വ്വകാല റെക്കോര്ഡിനൊപ്പം എത്താം.
പാരിസില് ആറ് മെഡലുകളാണ് ഇന്ത്യയ്ക്ക് കൈയ്യെത്തും ദൂരത്തുനിന്ന് നഷ്ടമായത്. ഷൂട്ടിങ് 25 മീറ്റര് പിസ്റ്റളില് മനു ഭാക്കറിന് മെഡല് നേടാനാവാതെ പോയപ്പോള് ഹാട്രിക് മെഡലെന്ന ചരിത്രനേട്ടവും നഷ്ടമായി. ബാഡ്മിന്റണല് ലക്ഷ്യ സെന്, 10 മീറ്റര് ഷൂട്ടിങ്ങില് അര്ജുന് ബബുത, ആര്ച്ചറിയില് മിക്സഡ് ടീം, ഭാരോദ്വഹനത്തില് മീരാഭായ് ചനു, ഷൂട്ടിങ് സ്കീറ്റില് അനന്ദ് മഹേശ്വരി സഖ്യം എന്നിവര് നാലാം സ്ഥാനത്തായി.