അയോഗ്യത; കൈയ്യൊഴിഞ്ഞ് ഒളിംപിക് കമ്മീഷന്, വിനേഷിന്റെയും കോച്ചിന്റെയും ഉത്തരവാദിത്തമെന്ന് പി ടി ഉഷ

ഒളിംപിക് അസോസിയേഷന് മെഡിക്കല് ടീമിനെതിരായി നടക്കുന്ന വിദ്വേഷ പ്രചാരണത്തില് അപലപിക്കുന്നുവെന്നും ഉഷ പ്രസ്താവനയിലൂടെ അറിയിച്ചു

dot image

ഡല്ഹി: പാരിസ് ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യന് ഒളിംപിക് അസോസിയേഷന് (ഐഒഎ). കായിക ഇനങ്ങളിലെ അത്ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം താരത്തിന്റെയും പരിശീലകന്റെയുമാണെന്ന് ഐഒഎ പ്രസിഡന്റ് പി ടി ഉഷ. ഭാരപരിശോധനയില് പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ലോക കായിക കോടതിയില് നല്കിയ അപ്പീലില് നാളെ വിധി വരാനിരിക്കെയാണ് ഉഷയുടെ പ്രതികരണം.

ബോക്സിങ്, ഗുസ്തി, ജൂഡോ, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളില് ഐഒഎ മെഡിക്കല് ടീമിനെതിരെ വ്യാപക വിമര്ശനങ്ങള് ഉയര്ന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി ഉഷ രംഗത്തെത്തിയത്. വിനേഷ് ഫോഗട്ടിന്റെ ശരീരഭാരം കൂടിയത് ഐഒഎ മെഡിക്കല് സംഘത്തിന്റെ പിഴവല്ലെന്നാണ് ഉഷയുടെ പരാമര്ശം. ഒളിംപിക് അസോസിയേഷന് മെഡിക്കല് ടീമിനെതിരായി നടക്കുന്ന വിദ്വേഷ പ്രചാരണത്തില് അപലപിക്കുന്നുവെന്നും ഉഷ പ്രസ്താവനയിലൂടെ അറിയിച്ചു.

എന്തെങ്കിലും നിഗമനങ്ങളില് എത്തുന്നതിന് മുന്പ് എല്ലാ വസ്തുതകളും പരിഗണിക്കണം. പാരിസ് ഒളിംപിക്സിന് ഗുസ്തി താരങ്ങള് എത്തിയത് സ്വന്തം സപ്പോര്ട്ട് സ്റ്റാഫിനൊപ്പമാണ്. എത്രയോ വര്ഷങ്ങളായി ഈ സപ്പോര്ട്ട് ടീമുകള് അത്ലറ്റുകള്ക്കൊപ്പം പ്രവര്ത്തിക്കുന്നുണ്ട്. രണ്ട് മാസം മുന്പ് മാത്രമാണ് ഐഒഎ മെഡിക്കല് സംഘത്തെ നിയോഗിച്ചതെന്നും ഉഷ പറഞ്ഞു.

പ്രാഥമികമായി മത്സര സമയത്തും അതിനുശേഷവും കളിക്കാരുടെ പരിക്കുകള് കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനും മാത്രമാണ് അസോസിയേഷന് മെഡിക്കല് സംഘത്തെ നിയമിച്ചത്. സ്വന്തമായി സപ്പോര്ട്ട് ടീം ഇല്ലാത്ത അത്ലറ്റുകളെ പിന്തുണയ്ക്കുന്നതിനുള്ള, പോഷകാഹാര വിദഗ്ധരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്പ്പെട്ട സംഘമാണിതെന്നും ഉഷ വ്യക്തമാക്കി.

എന്നെ ഭയപ്പെടുത്തുന്നത് അതാണ്, വിധി മറിച്ചായാല് വിനേഷിനെ മറക്കരുത്: നീരജ് ചോപ്ര

പാരിസ് ഒളിംപിക്സിൽ ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഫൈനൽ തലേന്ന് നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപനവും നടത്തി.

dot image
To advertise here,contact us
dot image