പാരിസ്: പാരിസ് ഒളിംപിക്സിന്റെ സമാപനചടങ്ങിൽ മലയാളി താരം പി ആർ ശ്രീജേഷ് പതാകവാഹകനായത് നീരജ് ചോപ്രയ്ക്ക് പകരക്കാരനായാണ്. ഇത്തരമൊരു തീരുമാനത്തിൽ എത്തിയ ശേഷം ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ പ്രസിഡന്റ് പി ടി ഉഷ നീരജ് ചോപ്രയുമായി സംസാരിച്ചു. തീരുമാനത്തിൽ നീരജിന്റെ പ്രതികരണമാണ് കായികലോകത്തെ വിസ്മയിപ്പിച്ചത്.
താൻ സംസാരിച്ചിരുന്നില്ലെങ്കിലും ശ്രീഭായിയുടെ പേര് പതാകവാഹകനായി നിർദ്ദേശിക്കുമായിരുന്നുവെന്ന് നീരജ് പറഞ്ഞതായി പി ടി ഉഷ പ്രതികരിച്ചു. ശ്രീജേഷ് ഇന്ത്യൻ കായിക രംഗത്തിന് നൽകിയ അതുല്യസേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവസരമെന്നും പി ടി ഉഷ വ്യക്തമാക്കി.
പാരിസ് ഒളിംപിക്സിന് പിന്നാലെ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറായിരുന്ന പി ആർ ശ്രീജേഷ് വിരമിച്ചിരുന്നു. ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്സിലും വെങ്കല മെഡൽ നേട്ടത്തോടെയാണ് ശ്രീജേഷ് വിരമിക്കുന്നത്. ഇന്ത്യയ്ക്കായി 336 മത്സരങ്ങളിലാണ് മലയാളി താരം ഗോൾവല കാത്തത്.