ന്യൂഡല്ഹി: പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ അഭിമാനം ഉയര്ത്തിയ കായിക താരങ്ങളാണ് നീരജ് ചോപ്രയും മനു ഭാക്കറും. ജാവലിന് ത്രോയില് നീരജ് വെള്ളി മെഡല് നേടിയപ്പോള് മനു ഷൂട്ടിങ്ങില് ഇരട്ടവെങ്കലവും നേടി തിളങ്ങി. എന്നാല് പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങിയതിന് പിന്നാലെ യുവതാരങ്ങളായ ഇരുവരും തമ്മില് വിവാഹിതരാവുമെന്ന അഭ്യൂഹങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു.
പാരിസ് ഗെയിംസിന്റെ സമാപനത്തിന് ശേഷം ഒരു പരിപാടിക്കിടെ കണ്ടുമുട്ടിയ നീരജ് ചോപ്രയും മനു ഭാക്കറും മനുവിന്റെ അമ്മയും പരസ്പരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോയാണ് യുവതാരങ്ങള് തമ്മിലുള്ള വിവാഹമെന്ന ഊഹോപോഹങ്ങളിലേക്ക് ആരാധകരെ എത്തിച്ചത്. സമൂഹമാധ്യമങ്ങളില് പ്രചാരണം ശക്തമായതോടെ സംഭവത്തില് വ്യക്തത വരുത്തി മനുവിന്റെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഉത്തേജക ചട്ടലംഘനം; ഇന്ത്യയുടെ പാരാലിംപിക്സ് ചാമ്പ്യന് പ്രമോദ് ഭഗത്തിന് വിലക്ക്മകളുടെ വിവാഹജീവിതത്തെ കുറിച്ച് ഇപ്പോള് പ്രചരിക്കുന്ന അഭ്യൂഹങ്ങള് തള്ളുകയാണ് മനു ഭാക്കറിന്റെ അച്ഛന് റാം കിഷന് ഭാക്കര്. 'മനു തീരെ ചെറിയ കുട്ടിയാണ്. അവള്ക്ക് വിവാഹപ്രായം പോലുമായിട്ടില്ല. അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല' എന്നാണ് ഭാക്കര് പറഞ്ഞത്. തന്റെ ഭാര്യയുമായി നീരജ് സംസാരിച്ചു നില്ക്കുന്ന വീഡിയോ കണ്ടതാണ്.അതില് പ്രത്യേകിച്ചൊന്നുമില്ല. നീരജിനെ സ്വന്തം മകനെപ്പോലെയാണ് മനുവിന്റെ അമ്മയും കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.