ന്യൂഡല്ഹി: പാരിസ് ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില് തിരിച്ചെത്തിയിരിക്കുകയാണ്. ഡല്ഹി വിമാനത്താവളത്തില് വൈകാരിക സ്വീകരണമാണ് സഹതാരങ്ങളും ആരാധകരും ബന്ധുക്കളും താരത്തിന് ഒരുക്കിയത്. വിനേഷ് ഫോഗട്ടിന്റെ കുടുംബവും വിമാനത്താവളത്തിലെത്തിയിരുന്നു. വിനേഷ് ഇപ്പോഴും തനിക്ക് ചാമ്പ്യനാണെന്ന് താരത്തിന്റെ അമ്മ പ്രേംലത ഡല്ഹി വിമാനത്താവളത്തില് പ്രതികരിച്ചു.
'വിനേഷിനെ സ്വീകരിക്കാനായി ഞങ്ങളുടെ ഗ്രാമത്തില് നിന്നും തൊട്ടടുത്ത ഗ്രാമത്തില് നിന്നും എല്ലാവരും ഇവിടെ എത്തിയിട്ടുണ്ട്. അവള് എനിക്ക് ചാമ്പ്യന് തന്നെയാണ്. സ്വര്ണമെഡലിനെക്കാള് വലിയ ആദരമാണ് ഈ രാജ്യം അവള്ക്ക് നല്കിയത്', വിനേഷിന്റെ അമ്മ പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് വിനേഷ് ഡല്ഹിയില് വിമാനമിറങ്ങിയത്. ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട് രാജ്യത്തിന്റെ നോവായി മാറിയ താരത്തിന് വൈകാരികമായ സ്വീകരണമാണ് ഡല്ഹി വിമാനത്താവളത്തില് ലഭിച്ചത്. സഹതാരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്. സ്വീകരണത്തില് വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറയുകയും ചെയ്തു.
#WATCH | Indian wrestler Vinesh Phogat receives a warm welcome at Delhi's IGI Airport
— ANI (@ANI) August 17, 2024
Congress MP Deepender Hooda, wrestlers Bajrang Punia, Sakshee Malikkh and others welcomed her. pic.twitter.com/rc2AESaciz
കനത്ത സുരക്ഷയാണ് വിമാനത്താവളത്തില് ഒരുക്കിയത്. വിനേഷിനെ സ്വീകരിക്കാന് ഹരിയാനയില് നിന്നുള്ള ആരാധകരും ഗ്രാമവാസികളുമടക്കം നിരവധി പേര് വിമാനത്താവളത്തില് തടിച്ചുകൂടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില് ആരാധകരെ അഭിവാദ്യം ചെയ്യുന്നിതിനിടെ വിനേഷ് കണ്ണീരണിയുകയുമുണ്ടായി.
തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ കാണിച്ചതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.
വെല്ക്കം ബാക്ക് ചാമ്പ്യന്; വിനേഷിന് വൈകാരിക വരവേല്പ്പ് നല്കി രാജ്യം, കണ്ണീരണിഞ്ഞ് താരംശേഷം വിനേഷ് ഫോഗട്ട് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. റസ്ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചിരുന്നു. 'നിങ്ങളുടെ സ്വപ്നങ്ങളും എൻ്റെ ധൈര്യവും എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി എനിക്കില്ലെ'ന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.