25 ലക്ഷത്തില് നിന്ന് ഒരു കോടിയിലേക്ക്; വിനേഷിന്റെ പരസ്യപ്രതിഫലം ഉയർന്നതായി റിപ്പോർട്ട്

ഒളിംപിക്സിന് മുമ്പ് ഓരോ ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്

dot image

ന്യൂഡല്ഹി: പാരിസ് ഒളിംപിക്സിൽ മെഡല് നേടാനായില്ലെങ്കിലും ബ്രാൻഡ് മൂല്യം ഉയർത്തി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിന് മുമ്പ് വാങ്ങുന്നതിനേക്കാള് നാലിരട്ടിയോളം കൂടുതല് പ്രതിഫലമാണ് വിനേഷ് ഇപ്പോള് വാങ്ങുന്നതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നത്. പാരിസ് ഒളിംപിക്സ് മെഡല് ജേതാക്കളായ നീരജ് ചോപ്രയും മനു ഭാക്കറും പരസ്യപ്രതിഫലം കുത്തനെ ഉയര്ത്തിയിട്ടുണ്ട്.

ഒളിംപിക്സിന് മുമ്പ് ഓരോ ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോള് അത് 75 ലക്ഷം മുതല് ഒരു കോടി രൂപ വരെയായി ഉയര്ന്നിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. പാരിസ് ഒളിംപിക്സ് മെഡല് നേടാനായില്ലെങ്കിലും വിനേഷ് ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തെയൊന്നാകെ ഞെട്ടിക്കുകയും ചര്ച്ചകള്ക്കും വഴിമരുന്നിടുകയും ചെയ്തിരുന്നു.

ഒളിംപിക്സ് ഗുസ്തിയിൽ വനിതകളുടെ 50കിലോഗ്രാം ഫ്രീസ്റ്റൈല് വിഭാഗത്തില് ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയില് പരാജയപ്പെട്ടതോടെയാണ് താരം അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തര്ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല് തള്ളിയതോടെ വിനേഷിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഡൽഹി വിമാനത്താവളത്തിലെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് സഹ താരങ്ങളും ജനങ്ങളും നൽകിയിരുന്നത്.

പാരിസ് ഒളിംപിക്സിൽ വെള്ളി മെഡല് നേട്ടത്തിന് പിന്നാലെ പരസ്യ കരാറുകളിൽ ജാവലിന് താരം നീരജ് ചോപ്ര പ്രതിഫലം വര്ധിപ്പിച്ചിരുന്നു. മണി കണ്ട്രോള് റിപ്പോര്ട്ട് പ്രകാരം മൂന്ന് കോടി രൂപയില് നിന്ന് നാലരക്കോടി രൂപയിലേക്കാണ് നീരജ് പരസ്യ പ്രതിഫലം ഉയര്ത്തിയത്. ക്രിക്കറ്റ് താരങ്ങള് കഴിഞ്ഞാല് ഇന്ത്യയില് ഏറ്റവും കൂടുതല് പരസ്യ വരുമാനം വാങ്ങുന്ന സ്പോര്ട്സ് താരം നീരജ് ചോപ്രയാണ്.

തുടര്ച്ചയായ രണ്ട് ഒളിമ്പിക്സില് മെഡല് നേടിയതോടെ നീരജിന്റെ ബ്രാന്ഡ് മൂല്യം കുത്തനെ ഉയര്ന്നിട്ടുണ്ട്. 2020-ൽ ടോക്യോയിൽ നടന്ന ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണ മെഡൽ നേടിയിരുന്നു. ഇന്ത്യയുടെ അത്ലറ്റിക്സ് ചരിത്രത്തിൽ ഒളിമ്പിക്സ് വ്യക്തിഗത സ്വർണ മെഡൽ നേടുന്ന ആദ്യം താരം കൂടിയാണ് നീരജ് ചോപ്ര.

2024 ഡിസംബറിന് മുന്പായി നീരജിന്റെ പരസ്യ വരുമാനം ഇനിയും 50 ശതമാനത്തോളം വര്ധിക്കുമെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. നിലവില് ആര്മര്, ഒമേഗ പോലുള്ള ആഗോള ബ്രാന്ഡുകളുടെ മുഖമാണ് നീരജ്. 24 വിഭാഗങ്ങളില് നിന്നായി 21 ബ്രാന്ഡുകളില് നിന്ന് നീരജ് പ്രതിഫലം വാങ്ങുന്നുണ്ട്. 2024 അവസാനിക്കുന്നതിനു മുന്പായി 32-34 ബ്രാന്ഡുകള് നീരജിനുണ്ടാവുമെന്നാണ് നീരജിന്റെ എന്ഡോഴ്സ്മെന്റ് ഡീലുകള് കൈകാര്യം ചെയ്യുന്ന ജെഎസ്ഡബ്ല്യു അധികൃതര് അറിയിക്കുന്നത്. ഇതോടെ നിരവധി ക്രിക്കറ്റ് താരങ്ങളെ മറികടന്ന് മുന്നേറാനും നീരജിനാവും. അതേ സമയം ബെറ്റിങ്, ഫാൻ്റസി ഗെയിമിങ്, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം, പാനീയം എന്നീ ബ്രാന്ഡുകള് തിരഞ്ഞെടുക്കില്ലെന്ന് നീരജ് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്.

'അത്ലറ്റുകൾക്ക് ഒരേ നിയമം'; വിനേഷിന്റെ അപ്പീൽ തള്ളിയതിൽ വിശദമായ വിധി പുറത്തുവിട്ട് കായിക കോടതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us